'എന്റെ വീട്ടിൽ ബോംബ് വീണു, ദേഹത്ത് നിന്നും ചോരയൊലിക്കുന്നു': ബെയ്‌റൂട്ടിനെ നടുക്കിയ സ്ഫോടനങ്ങൾക്കിടയിൽ നിന്നും ഇന്ത്യൻ മാദ്ധ്യമപ്രവർത്തക

Wednesday 05 August 2020 12:31 AM IST

ന്യൂഡൽഹി: ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ നടുക്കുന്ന സ്ഫോടനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അടുപ്പിച്ചുണ്ടായ രണ്ട് സ്ഫോടനകളിലൂടെ 15 പേർ മരണമടയുകയും നൂറിലധികം പേർക്ക് പരിക്ക് പറ്റുകയും വീടുകളും കെട്ടിടങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.

തുടർന്ന് പടുകൂറ്റൻ കൂണ് പോലെ ചുവന്ന പുക നഗരത്തിനു മേൽ ദൃശ്യമാകുകയും ചെയ്തു. നഗരത്തിലെ തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനങ്ങൾ ഉണ്ടായത്.

ഇതിനിടയിൽ നിന്നുമാണ് ബെയ്‌റൂട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തക അഞ്ചൽ വോറ താൻ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത സ്‌ഫോടനങ്ങളെ കുറിച്ച് ട്വിറ്റർ വഴി ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിവരിച്ചത്.

'ലെബനാനിൽ ബോംബിട്ടു, എന്റെ വീട്ടിൽ ബോംബ് വീണു, ദേഹത്ത് നിന്നും ചോരയൊലിക്കുന്നു' എന്ന് മാത്രമായിരുന്നു സ്‌ഫോടനങ്ങളെ കുറിച്ച് അഞ്ചൽ വിവരിച്ചത്. എങ്ങനെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പടക്ക ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ലെബനനിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സ്ഫോടനം എങ്ങനെ ഉണ്ടായി എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം സ്ഫോടനത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. മുൻ പ്രധാനമന്ത്രി റെഫിക്ക് അൽഹരീരിയുടെ കൊലപാതകത്തിന്റെ വിധി വരാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തിൽ നിരവധി ആശുപത്രികൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. കെട്ടിടങ്ങൾക്കടയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.