അഫ്ഗാനിൽ ബന്ദികളാക്കിയ രണ്ട് പേർകൂടി തിരിച്ചെത്തി

Wednesday 05 August 2020 1:38 AM IST

ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ രണ്ട് വ‌ഷം മുൻപ് താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ എൻജിനീയർമാരിൽ രണ്ട് പേർകൂടി ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി.

ജൂലായ് 31നാണ് ഇവരെ അഫ്ഗാനിസ്ഥാനിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് വിട്ടയച്ചത്. ഇതോടെ ബന്ദികളാക്കിയ ഏഴ്പേരിൽ ആറ് പേരും തിരിച്ചെത്തി. ഒരാളുടെ വിവരം അജ്‌ഞാതമായി തുടരുകയാണ്.

വടക്കൻ ബാഗ്ലാൻ പ്രവിശ്യയിൽ അഫ്ഗാൻ സർക്കാരിന്റെ വൈദ്യുത പദ്ധതികളിൽ പ്രവർത്തിക്കുമ്പോഴാണ് ഇന്ത്യൻ എൻജിനീയർമാരെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഒരാളെയും ഒക്ടോബറിൽ മൂന്ന് പേരെയും വിട്ടയച്ചിരുന്നു. പതിനൊന്ന് താലിബാൻ ഭീകരരെ മോചിപ്പിച്ചതിന് പകരമായാണ് ഈ മൂന്ന് പേരെ വിട്ടയച്ചതെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി വെളിപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ ബാഗ്രാം എയർഫീൽഡ് തടങ്കൽപാളയത്തിൽ അടച്ചിരുന്ന ഭീകരരെയാണ് വിട്ടയച്ചത്.