കാറ്റിലും മഴയിലും നാശനഷ്ടം

Wednesday 05 August 2020 1:38 AM IST
ജില്ലയിൽ കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടം

തൃശൂർ: കഴിഞ്ഞ ദിവസം ജില്ലയിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച രാത്രി ഏഴോടെ ശക്തിപ്രാപിച്ച കാറ്റിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും വൈദ്യുതി ഭാഗികമായി തകരാറിലായി. നഷ്ടം കണക്കാക്കിയിട്ടില്ല. ചാലക്കുടി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത്.

ചാലക്കുടി താലൂക്കിൽ മറ്റത്തൂർ വില്ലേജിൽ നാടിപ്പാറ ഭാഗത്ത് ആറ് വീടുകൾ തകർന്നു. കൈമാപ്പറമ്പിൽ സുനിൽ, പയ്യാക്ക കാളി, ചീറ്റതാട്ടിൽ തങ്കപ്പൻ, നന്തിപുലം ജിനേഷ്, ചുക്കിരി കൃഷ്ണൻ, തായേരി ദിനേശൻ എന്നിവരുടെ വീടുകളാണ് തകർന്നത്. തലപ്പിള്ളി താലൂക്കിൽ എങ്കക്കാട് വില്ലേജിൽ കല്ലൻകുണ്ട് ഏറ്റിങ്കര സിദ്ദിഖിന്റെ വീടിന്റെ മുൻഭാഗത്തെ ട്രസ്സ് വർക്കിന് മുകളിൽ തെങ്ങ് വീണ് നാശ നഷ്ടമുണ്ടായി.

മുകുന്ദപുരം താലൂക്കിൽ കാരുമാത്ര വില്ലേജിൽ സുൽഫിക്കറിന്റെ വീടിന് മുകളിൽ മണ്ണ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. തൃശൂർ താലൂക്കിൽ ചാഴൂർ വില്ലേജിൽ മരയ്ക്കാർ വീട്ടിൽ ഷീന അമീറിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

കൊടുങ്ങല്ലൂർ താലൂക്കിൽ കനത്ത കാറ്റിലും മഴയിലും ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് പടിഞ്ഞാറ് അഴിപറമ്പിൽ കൗസല്യയുടെ ഓടിട്ട വീട് ഭാഗികമായി തകർന്നു. കനത്ത കാറ്റിൽ വീട്ടുപറമ്പിലെ പഞ്ഞിമരം കടപുഴകി വീടിന് മുകളിൽ വീഴുകയായിരുന്നു. സംഭവ സമയം വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.