വിമാനത്താവളം അടക്കം വമ്പൻ പദ്ധതികൾ; രാമക്ഷേത്രത്തിനൊപ്പം അയോദ്ധ്യയിൽ വികസന കുതിപ്പ്

Wednesday 05 August 2020 10:15 AM IST

ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകവെ പ്രദേശത്തെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ. ഒരു നാടിന്റെ മുഖം തന്നെ മാറ്റുന്ന പദ്ധതികളാണ് ക്ഷേത്രം ഉയരുന്നതിനൊപ്പം അയോദ്ധ്യയിൽ വരാൻ പോകുന്നത്. വിമാനത്താവളവും തിളക്കമാർന്ന റെയിൽവേ സ്റ്റേഷനും ഉൾപ്പെടുന്ന വിപുലമായ നവീകരണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ക്ഷേത്രനഗരിയിൽ 500 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളാണ് വരുന്ന രണ്ട് വർഷത്തിനിടയിൽ പൂർത്തിയാകാൻ ഇരിക്കുന്നത്. സൗന്ദര്യവത്ക്കരണ പദ്ധതികൾക്കാണ് ഉത്തർപ്രദേശ് സർക്കാർ മുൻഗണന നൽകിയിരിക്കുന്നത്. അയോദ്ധ്യയെ ഒരു വലിയ മത ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പദ്ധതികളാണ് ഇവയെല്ലാം. വിമാനത്താവളത്തിനും റെയിൽവേ സ്റ്റേഷനും ഒപ്പം അടുത്തുള്ള ദേശീയ പാതയുടെയും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവീകരണവും ഉൾപ്പെടുന്നു.

വി‌.ഐ‌.പികളുടെ ഉപയോഗത്തിനായി അയോദ്ധ്യയ്ക്ക് ഒരു എയർസ്ട്രിപ്പ് ഉണ്ട്. എന്നാൽ ഇത് വിമാനത്താവളമാക്കി മാറ്റുമെന്ന് സർക്കാർ രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ദേശീയപാത നവീകരണത്തിന് 250 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജലവിതരണ പദ്ധതിയുടെ നവീകരണത്തിന് 54 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ബസ് സ്റ്റേഷനായി 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങൾക്കും വലിയൊരു തുക മാറ്റിവച്ചിട്ടുണ്ട്.

തുളസിദാസിന്റെ സ്‌മാരകമായ തുളസി സ്‌മാരക് ഭവന്റെ നവീകരണത്തിനായി 16 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അയോദ്ധ്യയിലെ രാജശ്രീ ദസ്രത്ത് മെഡിക്കൽ കോളേജും നവീകരിക്കും. ഇതിനായി 134 കോടി അനുവദിച്ചു. പതിറ്റാണ്ടുകളായി വികസനം അന്യം നിന്നൊരു പ്രദേശമായിരുന്നു അയോദ്ധ്യ. 2017ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പിന്നോക്ക അവസ്ഥ ചൂണ്ടിക്കാട്ടി നിരവധി യുവാക്കൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. അയോദ്ധ്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായ സാകേത് കോളേജിലെ വിദ്യാർത്ഥികളാണ് മണ്ഡലത്തിൽ വികസനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്.