ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

Wednesday 05 August 2020 10:23 AM IST

ന്യൂഡൽഹി: രാമക്ഷേത്ര ഭൂമി പൂജയ്ക്ക് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് തിരിച്ചു. 9.35നാണ് പ്രത്യേക വിമാനത്തിൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 10.45ന് ലക്നൗവിലെത്തും. അവിടെനിന്നും ഒരു മണിക്കൂറിനുള്ളിൽ അയോദ്ധ്യയിലെത്തും.

12.15ന് പ്രധാനമന്ത്രി പാരിജാതത്തിന്റെ തൈ നടും. 12.30ന് ഭൂമി പൂജ നടക്കും. 12.40ന് പ്രധാനമന്ത്രി വെള്ളിശില സ്ഥാപിക്കും.40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 50 വിശിഷ്ടാതിഥികളാണ് ഇന്ന് ഭൂമി പൂജയിൽ പങ്കെടുക്കുക. രാമജന്മഭൂമി സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 1990 കളിൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി ശബ്ദമുയർത്തിയവരിൽ പ്രധാനിയായിരുന്ന ബി.ജെ.പി മുതിർന്ന നേതാവ് എൽ.കെ അദ്വാനി ചടങ്ങ് വീഡിയോയിലൂടെ കാണും.

ഗണേശ പൂജയും മറ്റ് ചടങ്ങുകളും ഇന്നലെ നടന്നിരുന്നു. താത്കാലിക ശ്രീകോവിലിൽ സൂക്ഷിച്ചിട്ടുള്ള രാംലല്ല വിഗ്രഹത്തിൽ രണ്ട് ദിവസമായി നടക്കുന്ന പ്രത്യേക പൂജ ഇന്നും തുടരും. ഇന്നത്തെ പൂജയ്‌ക്ക് വിഗ്രഹത്തെ പച്ചനിറമുള്ള വസ്‌ത്രം ധരിപ്പിക്കുന്നതിനെ ചൊല്ലി വിവാദവുമുയർന്നിരുന്നു.ശക്തമായ സുരക്ഷയാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുക.