സത്യം പുറത്തുവരണം, സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബീഹാർ സർക്കാരിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഉത്തരവ് ഉടൻ പുറത്തിറക്കും.
ബീഹാറിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മുംബയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. മുംബയ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇന്നലെയാണ് ബീഹാർ സർക്കാർ സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ശുപാർശ ചെയ്തത്. സുശാന്തിന്റെ അച്ഛൻ നേരത്തെ പരാതി നൽകിയിരുന്നു.നടൻ മരിച്ചിട്ട് 50 ദിവസം കഴിഞ്ഞു. ജൂൺ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.