മത്തായിയുടെ മരണം: ഗുരുനാഥൻമണ്ണ് സെക്ഷൻ ഒാഫീസറെ ചോദ്യം ചെയ്തു

Thursday 06 August 2020 12:10 AM IST

പത്തനംതിട്ട: വനപാലകർ കസ്റ്റഡിയിലെടുത്ത ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി .പി .മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വനപാലകരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ചിറ്റാർ സ്റ്റേഷനിലെ ജനറൽ ഡയറിൽ കൃത്രിമം നടത്തിയത് കണ്ടെത്താൻ ഗുരുനാഥൻമണ്ണ് സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ ജി.വി ഷിബുവിനെയും മറ്റൊരു വനപാലകനെയും ഇന്നലെ ചോദ്യം ചെയ്തു. ഇവരാണ് ചിറ്റാറിൽ നിന്ന് ജി.ഡി കടത്തി കരികുളം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ഫോൺകോൾ ലിസ്റ്റും മൊബൈൽ ടവർ ലൊക്കേഷനുകളും പരിശാേധിക്കും. ഒരു സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ യഥാസമയം രേഖപ്പെടുത്തുന്നത് ജനറൽ ഡയറിയിലാണ്. ഇത് സ്റ്റേഷനിൽ നിന്ന് പുറത്തുകൊണ്ടുപോയത് ഗുരുതര കുറ്റമാണ്. രാത്രി എട്ടുമണിയോടെയാണ് മത്തായി കിണറ്റിൽ വീണത്. ജി.ഡി.ബുക്കിൽ 28ന് രാത്രി 10 എന്നാണ് എഴുതിച്ചേർത്തത്. അന്വേഷണമുണ്ടായാൽ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് കരുതുന്നു.

രണ്ട്‌ പേരെക്കൂടി ഇനി വിശദമായി ചോദ്യം ചെയ്യാനുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക്‌ കേസെടുക്കും. ഇത് സംബന്ധിച്ച് നിയമ ഉപദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം റാന്നി ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നറിയുന്നു. തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ നടന്നതായി അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മത്തായിയെയും കൊണ്ട് വനപാലകർ സഞ്ചരിച്ച വഴികൾ, സി. സി. ടി .വി കാമറ സ്ഥാപിച്ച സ്ഥലം എന്നിവിടങ്ങളിൽ നിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. വനത്തിനുളളിൽ വനപാലകർ ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മത്തായി നശിപ്പിച്ചുവെന്ന് പറയുന്ന കാമറ സ്ഥാപിച്ചിരുന്നത് റോഡരികിലാണ്. എന്നാൽ, തെളിവെടുപ്പിന് എന്ന പേരിൽ മത്തായിയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നാണ് സൂചന.

മത്തയിയുടെ ഫോണും പണവും എവിടെ?

മത്തായിയുടെ മൊബൈൽ ഫോൺ കാണാനില്ല. വനപാലകർ ഇത് പൊലീസിന്റെ അന്വേഷണസംഘത്തിന് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്. അരീക്കക്കാവിലെ വീട്ടിൽ നിന്ന് മത്തായിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പോക്കറ്റിൽ ഒരു മൊബൈൽ ഫോണും പന്നിഫാമിന്റെ ആവശ്യത്തിനായി കരുതിയിരുന്ന 9000രൂപയും കയ്യിൽ രണ്ട് മോതിരവും ഉണ്ടായിരുന്നു. @ ചെന്നിത്തല വീട് സന്ദർശിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മത്തായിയുടെ വീട് സന്ദർശിക്കും. വൈകിട്ട് നാല് മണിയോടെ ചിറ്റാറിലെത്തുന്ന അദ്ദേഹം കുടപ്പനയിൽ മത്തായിയുടെ കുടുംബാംഗങ്ങളെ കാണും. പിന്നീട്, ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടക്കുന്ന കോൺഗ്രസിന്റെ റിലേ സത്യാഗ്രഹ പന്തലിൽ എത്തും.