ജമ്മുകാശ്‌മീരിൽ ബി.ജെ.പി നേതാവിനെ ഭീകരർ കൊലപ്പെടുത്തി

Thursday 06 August 2020 10:34 AM IST

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ബി.ജെ.പി നേതാവും ഗ്രാമ മുഖ്യനുമായ സജാദ് അഹമ്മദ് ഖാനെ ഭീകരവാദികൾ കൊലപ്പെടുത്തി. കാശ്‌മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഗ്രാമമുഖ്യന്റെ വീട്ടിലേക്ക് കടന്നുകയറിയ തീവ്രവാദികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സജാദ് അഹമ്മദ് ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 48 മണിക്കൂറിനിടെ ജമ്മുകാശ്‌മീരിലെ രണ്ടാമത്തെ ഗ്രാമമുഖ്യനാണ് ആക്രമിക്കപ്പെടുന്നത്. മറ്റൊരു ബി.ജെ.പി നേതാവും ഗ്രാമ മുഖ്യനുമായ ആരിഫ് അഹമ്മദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കാശ്‌മീർ താഴ്‌വരയിലെ രാഷ്ട്രീയ പ്രവർത്തകരെ ഭീകരർ ആക്രമിക്കുന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുകയാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ കോൺഗ്രസിലേയും ബി.ജെ.പിയിലേയും രണ്ട് ഗ്രാമ മുഖ്യന്മാർ കൊല്ലപ്പെട്ടിരുന്നു.