ചെള്ളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്; ആശങ്കയോടെ ചൈന, മരിച്ചത് ഏഴു പേർ

Thursday 06 August 2020 1:29 PM IST

ബീജിംഗ്: കൊവിഡിന് പിന്നാലെ ആശങ്കയായി ചൈനയിൽ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതു വഴിയാണ് വൈറസ് പിടിപെടുന്നത് എന്നാണ് പറയപ്പെടുന്നത്. ബുനിയ വൈറസ് വിഭാഗത്തിൽപെടുന്ന സിവെർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച് ചൈനയിൽ ഏഴ് പേരാണ് മരിച്ചത്. 60 പേർക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിവരം.

ഒരു സ്ത്രീയ്‌ക്കാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ രോഗമുക്തി നേടി. ചെള്ളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കാനാവില്ലെന്ന് വിദ‌ഗ്‌ദ്ധർ പറയുന്നു.

രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകർച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു. പനി, ക്ഷീണം, ഛർദി, വയറുവേദന, വിശപ്പില്ലായ്‌മ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. നിലവിൽ മരുന്നുകളൊന്നുമില്ലെന്നും എന്നാൽ കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നുമാണ് വിവരം.

അതേസമയം, വൈറസ് പുതിയതല്ലെന്നും 2011ൽ ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബറിൽ തായ്‌വാനിൽ ഒരു വൃദ്ധന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പനിയും ഛർദിയുമായിരുന്നു അയാളുടെ രോഗലക്ഷണം. രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ലെങ്കിലും ഇയാൾ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. അതിനുശേഷം മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകൾ ഉണ്ടാവാൻ സാദ്ധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോർട്സ് ധരിക്കുന്നത് ഒഴിവാക്കാൻ തായ്‌വാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.