രാജ്യസഭ തിരഞ്ഞെടുപ്പ്; ലാൽ വർഗീസ് കൽപ്പകവാടി യു.ഡി.എഫ് സ്ഥാനാർത്ഥി

Thursday 06 August 2020 4:38 PM IST

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ ഒഴിവു വന്ന രാജ്യസഭ സീറ്റിലേയ്ക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇതോടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി. ജയസാദ്ധ്യത ഇല്ലെങ്കിലും സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ എൽ.ഡി.എഫിന് ഈസി വാക്കോവർ ഉണ്ടാവുകയും യു.ഡി.എഫ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമെന്ന നേതാക്കളുടെ വിലയിരുത്തലാണ് ഒടുവിൽ ലാൽ വർഗീസ് കൽപ്പകവാടിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കാൻ കാരണം.

അപ്രതീക്ഷിതമായാണ് നേതൃത്വം ലാൽ വർഗീസ് കൽപ്പകവാടിയുടെ പേരിലേയ്ക്ക് എത്തിചേർന്നത്. കർഷക കോൺഗ്രസ് നേതാവ് കൂടിയായ ലാൽ വർഗീസ് കൽപ്പകവാടിയെ രാജ്യസഭ സ്ഥാനാർത്ഥിയായി നിർത്തി ജോസ് കെ മാണി വിഭാഗത്തെ സമ്മർദത്തിലാക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. യു.ഡി.എഫിന് വോട്ട് ചെയ്യണമോ വേണ്ടയോ എന്ന ജോസ് വിഭാഗത്തിന്റെ തീരുമാനം കേരള കോൺഗ്രസിലും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിലും നിർണായകമാകും.

ആഗസ്റ്റ് 24നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ശ്രേയംസ് കുമാർ എൽ.‌ഡി.എഫ് സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. രണ്ട് വർഷത്തേക്ക് ഉപാധിയോടെയാണ് സി.പി.എം ലോക് താന്ത്രിക് ജനതാദളിന് സീറ്റ് കൈമാറിയിരിക്കുന്നത്. രാജ്യസഭ സീറ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നീട് സീറ്റ് ചോദിക്കരുതെന്നാണ് സി.പി.എം ഉപാധി.