മേശപ്പുറത്ത് സഹപ്രവർത്തകൻ വച്ച അരലക്ഷം ബിജുലാൽ അടിച്ചുമാറ്റി; ട്രഷറിയിൽ നിന്നെടുത്ത അരകോടി രൂപ ഓൺലൈൻ ചൂതുകളിച്ച് തീർത്തതായി തെളിവ് ലഭിച്ചു
തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിജുലാൽ സഹപ്രവർത്തകന്റെ അരലക്ഷം രൂപയും ഓഫീസിൽ നിന്ന് അടിച്ചുമാറ്റി. ആറുമാസം മുമ്പായിരുന്നു സംഭവം. ട്രഷറിയിൽ ഡ്യൂട്ടിയ്ക്കിടെയാണ് സഹപ്രവർത്തകൻ മേശപ്പുറത്ത് വച്ചിരുന്ന അരലക്ഷം രൂപ ബിജുലാൽ മോഷ്ടിച്ചത്. പണവുമായി ബിജുലാൽ ഓഫീസിൽ നിന്ന് കടന്നശേഷമാണ് പണം നഷ്ടപ്പെട്ട വിവരം സഹപ്രവർത്തകൻ അറിഞ്ഞത്. ട്രഷറി ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സംഭവം പറപറക്കുകയും പൊലീസിനെ സമീപിക്കാനുൾപ്പെടെ ഉപദേശങ്ങൾ ഉയരുകയും ചെയ്തതോടെ ബിജുലാൽ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം മടക്കി നൽകി കേസുകളിലേക്ക് പോകാതെ തടിയൂരുകയായിരുന്നു.
ട്രഷറി തട്ടിപ്പ് കേസിന്റെ ചോദ്യം ചെയ്യലിലാണ് ബിജുലാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. ട്രഷറി ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്ത ഒരു നമ്പരിൽ നിന്നാണ് ഓഫീസിൽ നിന്ന് കാണാതായ അമ്പതിനായിരം രൂപ ജീവനക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായ സന്ദേശം എത്തിയത്. എന്നാൽ, ഈ നമ്പർ ആരുടെതാണെന്ന് കണ്ടെത്താനോ പണം കവർന്നതാരെന്ന് തിരിച്ചറിയാനോ ആരും ശ്രമിച്ചില്ല. പണം തിരികെ കിട്ടിയതിനാൽ പരാതിയില്ലാതെ സംഭവം ഒതുക്കി തീർത്തു. ബിജുലാലിന്റെ മൊഴിയുടെ അടിസഥാനത്തിൽ ഇന്ന് വഞ്ചിയൂർ ട്രഷറിയിലെത്തി അന്വേഷണസംഘം രേഖകൾ പരിശോധിക്കും.
റമ്മിക്കളിക്ക് അരക്കോടി
ബിജുലാൽ രണ്ടുകോടി തട്ടിച്ച കേസിൽ ട്രഷറി ഇടപാടുകളുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തട്ടിപ്പുകളിൽ പങ്കുണ്ടെന്ന് കണ്ടാൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് സൂചന. ട്രഷറിയിൽ നിന്ന് വെട്ടിച്ചതിൽ അരക്കോടി രൂപ ചൂതുകളിച്ച് തീർത്തതായി ബിജുലാലിന്റെ മൊഴിയും പൊലീസ് പരിശോധിച്ച് തുടങ്ങി. ഓൺലൈൻ റമ്മി കളിയിൽ പത്ത് ലക്ഷം രൂപ കളിച്ച് തുലച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഓൺ ലൈൻ റമ്മി സൈറ്റുകളിലും അന്വേഷണം മുന്നേറുകയാണ്.
ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും
ട്രഷറിയിലെ തെളിവെടുപ്പിന് ശേഷം നാളെ ബിജുലാലിന്റെ ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ബിജുലാൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തശേഷം അടുത്തയാഴ്ചയോടെ ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.