പരിമിതികളുടെ ഇരയായി മൂന്നു വയസുകാരൻ പൃഥ്വിരാജ്

Friday 07 August 2020 12:00 AM IST

യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച മൂന്നു വയസുകാരൻ പൃഥ്വിരാജും ക്രൂരപീഡനത്തിന് ഇരയായ എഴുപത്തഞ്ചുകാരിയും എറണാകുളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ നൊമ്പരമായി. മികവുകളെക്കുറിച്ച് അഭിമാനം കൊള്ളുമ്പോഴും ജില്ലയിലെ ചികിത്സാ സംവിധാനങ്ങളുടെ പരിമിതിയിൽ ആശങ്ക ഉയരുകയുമാണ്. മഴക്കാലം കനത്തതോടെ പെരിയാറിർ ജലനിരപ്പ് ഉയർന്നു. പ്രളയത്തെ നേരിടാൻ മുന്നൊരുക്കവും ഉൗർജിതമാക്കുകയാണ് അധികാരികൾ.

നാണയം വിഴുങ്ങിയതിന് ചികിത്സ തേടി മെഡിക്കൽ കോളേജ് ഉൾപ്പെടെ മൂന്ന് സർക്കാർ ആശുപത്രികൾ കയറിയിറങ്ങിയ ശേഷമാണ് ആലുവ കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന നന്ദിനിയുടെ മകൻ പ്രിഥിരാജ് മരണത്തിന് കീഴടങ്ങിയത്. വീട്ടിൽ വച്ച് നാണയം വിഴുങ്ങിയ കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേർന്നാണ് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എക്സ്റേ പരിശോധനയിൽ ആമാശയത്തിൽ നാണയം കുടുങ്ങിയ നിലയിൽ കണ്ടെത്തി. കുട്ടികളുടെ സർജൻ ഇല്ലാത്തതിനാൽ എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലും സർജൻ ഉണ്ടായിരുന്നില്ല. ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ പരിശോധിച്ചെങ്കിലും കുഴപ്പമില്ല, രണ്ടു ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്നു പറഞ്ഞ് മടക്കിയെന്നാണ് അമ്മ പറയുന്നത്. പിറ്റേന്നു രാവിലെ ആറരയോടെ എഴുന്നേൽക്കാതിരുന്ന കുഞ്ഞിനെ ആലുവ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും മരണം സംഭവിച്ചിരുന്നു.

കുഞ്ഞിന്റെ ചികിത്സയിൽ മൂന്ന് ആശുപത്രികളും വീഴ്ച വരുത്തിയന്ന ആക്ഷേപം ആലുവ എം.എൽ.എ അൻവർ സാദത്ത് ഉൾപ്പെടെ ഉന്നയിച്ചു. എന്നാൽ, നാണയം വിഴുങ്ങിയാൽ സ്വീകരിക്കുന്ന സാധാരണ നടപടി മാത്രമാണ് ചെയ്തതെന്നാണ് ആശുപത്രി സൂപ്രണ്ടുമാരുടെയും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയുടെയും വിശദീകരണം.

സ്പെഷ്യലിസ്റ്റുകൾ കുറവ്

തർക്കവും വിവാദവും മുറുകുമ്പോൾ പുറത്തുവരുന്ന ചില വസ്തുതകൾ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജില്ലയായ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ ചില പ്രധാന മേഖലകളിൽ ചികിത്സാസൗകര്യമോ വിദഗ്ദ്ധ ഡോക്ടർമാരോ ഇല്ലെന്നതാണ് വസ്തുത.

പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാലാണ് പ്രിഥ്വിരാജിനെ ആലുവ, എറണാകുളം ആശുപത്രികൾ ആലപ്പുഴയിലേക്ക് വിട്ടത്. ജില്ലാ ആശുപത്രിയുടെ പദവിയുള്ള ആലുവ സർക്കാർ ആശുപത്രിയിൽ പീഡിയാട്രിക് സർജനില്ല. അതുമൂലം കുട്ടികളിൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയില്ല. എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ളതാണ്. ജില്ലയിലെ ഏറ്റവും വലുതും സൗകര്യങ്ങളുമുള്ള ആശുപത്രി. അവിടെയും പീഡിയാട്രിക് സർജനില്ല. ജില്ലയിലെ താലൂക്ക് ആശുപത്രികളിലൊന്നും പീഡിയാട്രിക് സർജൻ ഇല്ലേയില്ല.

എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിച്ചുവരുകയാണ്. പകുതിയിലേറെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. പ്രവർത്തനം ആരംഭിക്കുമ്പോൾ പീഡിയാട്രിക് സർജനേയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ ന്യൂറോ സർജനില്ല

പരാധീനതകൾ പലതുണ്ടെങ്കിലും സാധാരണക്കാർക്ക് മികച്ച സേവനം ലഭ്യമാകുന്ന കേന്ദ്രമാണ് എറണാകുളം മെഡിക്കൽ കോളേജ്. കൊവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയ അവിടെ മറ്റു ചികിത്സകൾ നിലവിൽ നൽകുന്നില്ല. മെഡിക്കൽ കോളേജിലും അനിവാര്യമായ ചില വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലെന്നത് സത്യമാണ്. ഇതിൽ പ്രധാനമാണ് ന്യൂറോ സർജൻ. മൂന്നു ദേശീയപാതകളും പ്രധാന റോഡുകളുമുള്ള എറണാകുളം ജില്ലയിൽ റോഡപകടങ്ങൾ പതിവാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ന്യൂറോ സർജന്റെ സേവനം അടിയന്തരമായി ആവശ്യമാണ്. എന്നാൽ, മെഡിക്കൽ കോളേജിൽ ന്യൂറോ സർജനില്ല. പരിക്കേറ്റ് മെഡിക്കൽ കോളേജിൽ എത്തിച്ചാലും മികച്ച ചികിത്സ ലഭിക്കില്ല. തലയിലുൾപ്പെടെ സംഭവിക്കുന്ന പരിക്കുകൾക്ക് ശസ്ത്രക്രിയ നടത്താനും മെഡിക്കൽ കോളേജിൽ പോലും സൗകര്യം ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ട സ്ഥിതി മെഡിക്കൽ കോളേജ് വികസനത്തിന് പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമർപ്പിച്ച നിവേദനങ്ങളിൽ പലകുറി ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായിട്ടില്ല.

പ്രളയത്തെ നേരിടാനാെരുങ്ങി

രണ്ടു മഹാപ്രളയങ്ങളെ നേരിട്ട എറണാകുളം ജില്ല മഴ ശക്തി പ്രാപിച്ചതോടെ കടുത്ത ജാഗ്രതയിലാണ്. മുൻവർഷങ്ങളിലെ ദുരിതം ആവർത്തിക്കാതിരിക്കാൻ റവന്യൂ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളും സർവസന്നാഹങ്ങളും ഒരുക്കുന്ന തിരക്കിലാണ്. പുഴകളുടെയും കൈവഴികളുടെയും തീരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളാണ് മുൻകരുതലിന് നേതൃത്വം വഹിക്കുന്നത്.

പെരിയാറും ചാലക്കുടിയാറും മൂവാറ്റുപുഴയാറുമാണ് ജില്ലയിൽ പ്രളയത്തിന് വഴിതെളിക്കുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നുകഴിഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്ത് കഴിഞ്ഞ ദിവസം വെള്ളം കയറി. ശിവക്ഷേത്രത്തിലും വെള്ളം കയറി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് വർദ്ധിച്ചിട്ടുണ്ട്. ഇടുക്കിയിലെ മലങ്കര അണക്കെട്ടുകൾ തുറക്കുമ്പോൾ മൂവാറ്റുപുഴയാറിലും ജലനിരപ്പ് വർദ്ധിക്കും. കല്ലാർകുട്ടി അണക്കെട്ട് തുറന്നതോടെ പെരിയാറിലും ജലനിരപ്പ് ഇനിയും വർദ്ധിക്കും.

പെരിയാർ, ചാലക്കുടിയാർ എന്നിവയുടെ തീരങ്ങളിൽ കനത്ത ജാഗ്രത ആരംഭിച്ചു. അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ ക്യാമ്പുകൾക്കുൾപ്പെടെ സ്ഥലം കണ്ടെത്തി. കൊവിഡ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക ക്യാമ്പുകൾക്കും സൗകര്യങ്ങൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

ജില്ലയിൽ കോതമംഗലം, നേര്യമംഗലം, മൂവാറ്റുപുഴ എന്നീ കിഴക്കൻ പ്രദേശങ്ങൾ ഉരുൾപെട്ടൽ ഭീഷണി നേരിടുകയാണ്. മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളാണിവ. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സഹായത്തോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണികളുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സുരക്ഷിതമായ രക്ഷാനടപടികൾക്കും ജില്ലാ ഭരണകൂടം സജ്ജമായി.