ശ്രീരാമക്ഷേത്രം ഐക്യത്തിന്റെ പ്രതീകമാകണം
പതിറ്റാണ്ടുകൾ നീണ്ടുനിന്ന അയോദ്ധ്യ കേസിൽ സുപ്രീംകോടതി കഴിഞ്ഞ നവംബറിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തീർത്തും അസാദ്ധ്യമെന്നു കരുതിയിരുന്ന മഹത്തായ ഒരു സ്വപ്നമാണ് ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിർവഹിച്ചതോടെ സഫലമായിരിക്കുന്നത്. അയോദ്ധ്യയിലെ രണ്ടേമുക്കാൽ ഏക്കറോളം വരുന്ന തർക്ക സ്ഥലം പൂർണമായും ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കോടതി വിധിക്കെതിരെ പുരികം ഉയർത്തിയവർ ധാരാളമാണെങ്കിലും അയോദ്ധ്യാ തർക്കത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ രാഷ്ട്രം പൊതുവേ അത് അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവനുസരിച്ച് രൂപീകരിക്കപ്പെട്ട രാമജന്മഭൂമി ട്രസ്റ്റാണ് അവിടെ ക്ഷേത്ര നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായി രാമക്ഷേത്രം മൂന്നര വർഷം കൊണ്ട് പൂർത്തിയാകുമെന്നാണ് കരുതുന്നത്. നൂറോളം ഏക്കറിലായി അതിവിശാലമായ ക്ഷേത്ര സമുച്ചയം നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എല്ലാം പൂർത്തിയായി വരാൻ പത്തുവർഷമെങ്കിലും വേണ്ടിവരും. ആദ്യഘട്ട നിർമ്മാണത്തിനു മാത്രം മുന്നൂറു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തർക്ക പ്രദേശത്തുണ്ടായിരുന്ന ബാബ്റി മസ്ജിദ് 1992-ലാണ് തകർക്കപ്പെട്ടത്. തർക്ക സ്ഥലത്ത് ക്ഷേത്ര നിർമ്മാണം അനുവദിച്ച സുപ്രീംകോടതി മുസ്ളിങ്ങൾക്കായി അയോദ്ധ്യയിൽ നിന്ന് മാറി അഞ്ച് ഏക്കർ സ്ഥലം നൽകാനും സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ക്ഷേത്ര ശിലാസ്ഥാപനത്തിനു രണ്ടുദിവസം മുൻപാണ് സ്ഥലം തർക്ക കക്ഷികളിലൊന്നായ സുന്നി വക്കഫ് ബോർഡിന് കൈമാറിയത്. സർക്കാരിൽ നിന്നു ലഭിച്ച സ്ഥലത്ത് പള്ളിക്കു പുറമെ ആശുപത്രിയും കലാലയവും നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാഷ്ട്ര ശരീരത്തെ ബാധിച്ചിരുന്ന അർബുദ ബാധയായിരുന്നു അയോദ്ധ്യയിൽ വർഷങ്ങളായി നിലനിന്ന തർക്ക പ്രശ്നം. കോടതിയുടെ അന്തിമ വിധിയോടെ അത് ഇല്ലാതായിരിക്കുകയാണ്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കു തന്നെയും ഭീഷണി ഉയർത്തിയ വലിയ മാനങ്ങളുള്ള ഒന്നായി അതു മാറിയിരുന്നു. രാജ്യത്ത് ഏറെ രക്തച്ചൊരിച്ചിലും ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സൃഷ്ടിക്കാൻ അയോദ്ധ്യ പ്രശ്നം ഇടയാക്കിയിരുന്നു. രാജ്യം പിന്തുടർന്നു പോന്ന മതേതരത്വ പാതയിൽ മുള്ളുകൾ വളരാനും അത് ഇടയാക്കി.
അങ്ങിങ്ങ് എതിർപ്പുകളും പ്രതിഷേധവുമൊക്കെ ഇപ്പോഴും ഉയരുന്നുണ്ടെങ്കിലും അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പഴയതെല്ലാം മറക്കാനും ഐക്യത്തിന്റെയും സഹനത്തിന്റെയും പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കാനുമുള്ള അവസരമാണ് പ്രദാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ഉള്ള എതിർപ്പുകൾ മാറ്റിവച്ചാൽ രാജ്യം സർവ്വാത്മനാ അയോദ്ധ്യയിലെ ഈ പുതിയ പ്രഭാതത്തെ ഹൃദയംഗമമായാണ് വരവേറ്റത്. രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിനു വരുന്ന ശ്രീരാമ ഭക്തന്മാരെ മാത്രമല്ല ഈ ചരിത്രമുഹൂർത്തം ആഹ്ലാദിപ്പിക്കുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങൾക്കും അനല്പമായ സന്തോഷവും ആശ്വാസവും പ്രദാനം ചെയ്യുന്ന അസുലഭമായ മുഹൂർത്തം കൂടിയാണിത്. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയിലാകണം അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയരേണ്ടതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ സാർത്ഥകമാകട്ടെ എന്ന് പ്രാർത്ഥിക്കാം. മഹാ ക്ഷേത്രങ്ങൾ ആരാധനയ്ക്കു മാത്രമുള്ള ഇടങ്ങളല്ല. ഒരു രാഷ്ട്രത്തിന്റെ പൈതൃകവും സംസ്കാരവുമൊക്കെ പ്രതിഫലിക്കുന്ന കേന്ദ്രങ്ങൾ കൂടിയാണ് . വരുന്ന ഓരോ തലമുറയെയും അവ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അതിസമ്പന്നമായ ചരിത്ര പൈതൃകങ്ങളുള്ള ഇന്ത്യയ്ക്ക് അയോദ്ധ്യയിൽ ഉയരുന്ന ശ്രീരാമ ക്ഷേത്രം മികച്ച മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല. ശ്രീരാമന്റെ ജീവിതവും മൂല്യങ്ങളും കോടാനുകോടി ജനങ്ങൾക്ക് എന്നും എപ്പോഴും പ്രചോദനമാണ്. സാമുദായിക സൗഹാർദ്ദത്തിന്റെയും ജനാഭിലാഷത്തിന്റെയും പ്രതീകമായി ഉയരുന്ന രാമക്ഷേത്രം നവീന ഇന്ത്യയുടെ അടയാളം കൂടിയാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആശംസാ സന്ദേശം അർത്ഥസമ്പുഷ്ടമാണ്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃക ചരിത്രം അതിന്റെ തനിമയോടെ ജനങ്ങളിലെത്തിക്കാൻ രാജ്യമെങ്ങും 'രാമ സർക്യൂട്ടുകൾ" വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി അയോദ്ധ്യയിലെ ചടങ്ങിൽ നടത്തിയ പ്രഖ്യാപനം യാഥാർത്ഥ്യമാകട്ടെ എന്നാശിക്കാം.
രാമക്ഷേത്ര നിർമ്മാണത്തിനു തുടക്കമിട്ട മഹാസംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് വിവിധ കക്ഷി നേതാക്കൾ പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്നവരും ഉണ്ട്. രാമക്ഷേത്രം രാജ്യത്ത് ഐക്യത്തിന്റെ പുതിയ പ്രതീകമാണെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ പ്രസ്താവന മുസ്ളിം ലീഗ് ഉൾപ്പെടെയുള്ള ചില കക്ഷികളുടെ എതിർപ്പും ക്ഷണിച്ചുവരുത്തി. പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ അനവസരത്തിലായിപ്പോയി എന്നാണ് ആക്ഷേപം. രാമക്ഷേത്രത്തിനു പിന്നിലെ രാഷ്ട്രീയം അറിഞ്ഞുകൊണ്ടുതന്നെയാണ് അവരൊക്കെ ചീട്ടിറക്കിയതെന്ന് ഏവർക്കും അറിയാം. അതിന് അവരെ പഴിച്ചിട്ടു കാര്യമില്ല. യാഥാർത്ഥ്യം അംഗീകരിക്കുകയാണ് വേണ്ടത്. പണ്ടും ഇപ്പോഴും അയോദ്ധ്യയിലെ മുസ്ളിങ്ങൾ അവിടെ സമാധാനം പുലർന്നു കാണാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ഇനി രാമക്ഷേത്രം പൂർത്തിയായി അയോദ്ധ്യ വലിയ ക്ഷേത്ര നഗരിയായി രൂപാന്തരം പ്രാപിക്കുന്നതു കാണാൻ എല്ലാ വിഭാഗം ജനങ്ങളും കാത്തിരിക്കുകയാണ്. ക്ഷേത്രം വരുന്നതോടെ ഒപ്പം എത്തുന്ന സൗകര്യങ്ങളും പുരോഗതിയും നാടിനു മൊത്തം അനുഭവിക്കാനുള്ളതാണ്. തർക്കമൊഴിഞ്ഞ അയോദ്ധ്യയും ഏറ്റവും വലിയ ശ്രീരാമ ക്ഷേത്രവും ഓരോ വർഷവും കോടിക്കണക്കിനാളുകളെയാണ് ആകർഷിക്കാൻ പോകുന്നത്.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ കാണാൻ കേസിലെ ആദ്യ വ്യവഹാരിയായ ഹാഷിം അൻസാരിയുടെ പുത്രൻ ഇഖ്ബാൽ അൻസാരി എത്തിയിരുന്നു. പിതാവ് 95-ാം വയസിൽ 2016-ൽ മരണമടഞ്ഞതിനെത്തുടർന്ന് പുത്രനാണ് കേസ് നടത്തിവന്നത്. അയോദ്ധ്യ കേസിൽ പരമോന്നത കോടതിയുടെ വിധി താൻ പൂർണമായും അംഗീകരിക്കുന്നുവെന്നാണ് ഇഖ്ബാൽ അൻസാരി പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിന് താൻ ഉൾപ്പെടെ അയോദ്ധ്യയിലെ മുസ്ളിങ്ങൾ എതിരല്ലെന്നും ഹിന്ദുക്കളുടെ വിശ്വാസവും വികാരവും തങ്ങൾ അംഗീകരിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അയോദ്ധ്യയുടെ പൊതുവികാരമായി വേണം അതു കാണാൻ.