കാർ തടഞ്ഞ് യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു

Friday 07 August 2020 12:53 AM IST

കറുകച്ചാൽ: കാർ തടഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചാമംപതാൽ ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി ജെയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. വ്യാഴാഴ്ച രാവിലെ 5.30-ന് കൊടുങ്ങൂർ-മണിമല റോഡിൽ മൂലേപ്ലാവിന് സമീപമായിരുന്നു സംഭവം. വിവിധ ഫാമുകളിൽ നിന്നും പിരിവെടുത്ത പണവുമായി മടങ്ങവെ പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്നിൽ നിർത്തുകയും ഇവരെ വലിച്ചിറക്കി ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടുകയുമായിരുന്നെന്ന് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.