അവധിക്കാലം ഇനി ഈരാ​റ്റിൻപുറത്ത്

Friday 07 August 2020 12:58 AM IST

നെയ്യാ​റ്റിൻകര: നെയ്യാർനദി പാറക്കൂട്ടങ്ങളിൽ തട്ടി രണ്ടായി പിളർന്ന് ഒഴുകുന്ന പ്രകൃതിരമണീയമായ സ്ഥലം, സദാസമയവും ശുദ്ധമായ ഇളം കാറ്റ്, പുരാണ കഥകളിലെ പരാമർശം... വിനോദസഞ്ചാരികൾക്ക് അവധിക്കാലം ആസ്വദിക്കാൻ ഇളവനിക്കരയിലെ ഈരാ​റ്റിൻപുറം ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് കയറിക്കൂടാൻ തയ്യാറെടുക്കുകയാണിവിടം. കെ. ആൻസലൻ എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികളും പൂർത്തിയാക്കി. ഇവിടെ പണിയുന്ന തൂക്കുപാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വളരെക്കാലമായി നഗരസഭ ബഡ്ജ​റ്റുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു വാഗ്ദാനമാണ് ഇപ്രാവശ്യത്തെ ബഡ്ജ​റ്റിൽ തുക വകമാറ്റി നടപ്പിലാക്കുന്നത്. നെയ്യാറിലെ ചെറുദ്വീപുകളിലെ നവീകരണം നടക്കുകയാണിപ്പോൾ. കുട്ടികൾക്കുള്ള പാർക്ക്, കോഫീഹൗസ്, ‌നടപ്പാലം, പാർക്കിംഗ് യാർഡ്‌ എന്നിവയാണ് പണി പൂ‌ർത്തിയായി വരുന്നത്.

നിർദിഷ്ട ടൂറിസം പദ്ധതി യാഥാർത്ഥ്യമായാൽ കൊവിഡ് കാലത്ത് കുട്ടികൾ വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന് പരിഹാരമായി സാമൂഹികാകലം പാലിച്ച് ഇവിടെയെത്തി പ്രകൃതിമനോഹാരിത കണ്ടും ഉല്ലാസങ്ങളിൽ ഏർപ്പെട്ടും മടങ്ങാം.ശിവഗിരി തീർത്ഥാടന നാളുകളിൽ അരുവിപ്പുറത്തേക്ക് പ്രവഹിക്കുന്ന ഭക്തജനങ്ങൾ ഇവിടേക്കുമെത്തുമെന്ന് കരുതുന്നു. നെയ്യാർഡാം, പേപ്പാറ, തൃപ്പരപ്പ് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ ഇടത്താവളമായും ഇവിടം മാറും.

അടുപ്പുകൂട്ടലിന്റെ പുരാണപ്പഴമ

വനവാസക്കാലത്ത് പാണ്ഡവർ ഇവിടെയെത്തിയിരുന്നതായും അടുപ്പുകൂട്ടി പാചകം ചെയ്ത് ഭക്ഷിച്ചിരുന്നതായുമാണ് പുരാണ ഐതിഹ്യകഥ. ഈരാറ്റിൻപുറത്തിന് സമീപത്തായുള്ള അടുപ്പുകൂട്ടിപ്പാറക്ക് സമീപം ദേവിയെ ആരാധിക്കുന്ന ഒരു പുരാതന ക്ഷേത്രവുമുണ്ട്. വർഷം തോറും ഇവിടെ ഉത്സവവും നടക്കുന്നുണ്ട്. സമീപത്തായി പാറക്കൂട്ടത്തിൽ ഭീമൻ ചവിട്ടിയതായി സങ്കല്പിക്കുന്ന, കൂറ്റൻ കാല്പാടുകൾക്ക് സദൃശമായ കുഴികളും കാണാനാകും. ആദിമ സംസ്കാര കാലത്ത് ഇവിടെ മനുഷ്യവാസം ഉള്ളതായ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു..

നടപ്പാകുന്നത് പതി​റ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം

 അനുവദിച്ചത് 2.66 കോടി രൂപ

റൂട്ട് ഇങ്ങനെ

നെയ്യാറ്റിൻകരയിൽ നിന്നു കാട്ടാക്കട റൂട്ടിലൂടെ സഞ്ചരിച്ച് പെരുമ്പഴുതൂർ വഴി മാമ്പഴക്കരയിലെത്തിയ ശേഷം ഒരു കിലോമീറ്റർ പോയാൽ ഈരാറ്റിൻപുറത്തെത്താം.

പ്രതികരണം

നെയ്യാറ്റിൻകരയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ മുപ്പതോളം വർഷമായി ചർച്ചയിൽ മാത്രം ഒതുങ്ങിയ പദ്ധതി പ്രാവർത്തികമാക്കാൻ തീരുമാനമെടുത്തു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കം നഗരസഭയുടെ സഹായത്തോടെ പരിഹരിച്ചു. നടപ്പാത, ടിക്കറ്റ് കൗണ്ടർ, ടോയ്ലെറ്റ്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാംഘട്ടം ഈ കൊവിഡ് കാലം പിന്നിടുമ്പോഴേക്കും സന്ദർശകരെ സ്വീകരിക്കാൻ തയാറാകും.

കെ.ആൻസലൻ എം.എൽ.എ