പൊട്ടിപ്പൊടിഞ്ഞ് ഉപ്പേരി വി​പണി​

Friday 07 August 2020 12:03 AM IST

 ചിപ്സ് ഉൾപ്പെടയുള്ളവർക്ക് ആവശ്യക്കാർ കുറഞ്ഞു

ആലപ്പുഴ : ആഘോഷങ്ങളും സദ്യവട്ടങ്ങളും ഒഴിഞ്ഞതോടെ ഉപ്പേരി വിപണിയിലും ദുരിതകാലം. ആവശ്യക്കാരെത്തുമെന്ന് പ്രതീക്ഷിച്ച് തയ്യാറാക്കിയ വിവിധ ഇനം ഉപ്പേരികൾ കടകളിലും ഗോഡൗണിലും വിശ്രമത്തിലാണ്. പഴകുമ്പോൾ ഇവ എടുത്ത് കളയുക മാത്രമേ മാർഗമുള്ളൂവെന്ന് കച്ചവടക്കാരും ഉത്പാദകരും പറയുന്നു.

കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും വന്നതോടെയാണ് ഉപ്പേരി വിപണിക്ക് ഷട്ടർ വീണത്. വലിയൊരു സ്റ്റോക്കാണ് ലോക്ക് ഡൗൺകാലത്ത് പഴകിയതുമൂലം നശിപ്പിക്കേണ്ടി വന്നത്. റോഡിൽ ആളനക്കം തുടങ്ങിയതോടെ വീണ്ടും ഉപ്പേരി വറുത്ത് കാത്തിരുന്നെങ്കിലും ആവശ്യക്കാരായി എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. വലിയ ഓർഡറുകൾ ലഭിച്ചാലേ വിപണി ഉഷാറാവുകയുള്ളൂ. സദ്യവട്ടങ്ങൾക്കാണ് ചിപ്സ് ഉൾപ്പെടെയുള്ളവ കൂടുതലായി വാങ്ങിയിരുന്നത്. വീട്ടാവശ്യത്തിനു വാങ്ങുന്നവർ അരക്കിലോയിൽ കൂടുതൽ കൊണ്ടു പോകാറില്ലെന്ന് കച്ചവടക്കാർ പറയുന്നു.

ഓണക്കാലമാണ് ഉപ്പേരിയുടെ സീസൺ. എന്നാൽ കൊവിഡ് ഭീഷണിയും പ്രളയ മുന്നറിയിപ്പും ഓണവിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. നഗരത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ഉപഭോക്താക്കളെത്തേടി അതത് പ്രദേശങ്ങളിൽ എത്തുകയാണ് കച്ചവടക്കാർ. വഴിയോരത്ത് വാഹനങ്ങളിൽ പാക്കറ്റ് ഉപ്പേരികളുടെ കച്ചവടം വ്യാപകമാണ്. എന്നാൽ ഇത്തരം കച്ചവടക്കാരിൽ ഭൂരിഭാഗവും ഭക്ഷ്യ വിഭാഗത്തിന്റെയോ, ആരോഗ്യവകുപ്പിന്റെയോ അനുമതി തേടാതെയാണ് വ്യാപാരം നടത്തുന്നത്.

 കണ്ടെയിൻമെന്റ് സോണിൽ

കച്ചവടക്കാർക്ക് കഷ്ടകാലം

ജില്ലയിൽ വിവിധ കണ്ടെയിൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന ഉപ്പേരി വിപണനക്കാരുടെ കാര്യം കഷ്ടത്തിലാണ്. വാഹനത്തിൽ കടകളിലേക്ക് പാക്കറ്റുകൾ എത്തിക്കാൻ പോലും സാധിക്കുന്നില്ല. കാലവർഷം ശക്തമാകുന്നതോടെ എത്തക്കുലയുടെ ലഭ്യത കുറയുമോ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഓണക്കാലം വയനാടൻ ഏത്തക്കുലകളുടെ സീസണാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള കുലകളെ അധികം ആശ്രയിക്കുന്നില്ല. സെപ്തംബർ മുതലാണ് തമിഴ്നാടൻ കുലകൾ സാധാരണ കേരളത്തിലേക്ക് എത്താറുള്ളത്.

വിപണിയിലെ പ്രതിസന്ധി

 പഴകിയതിനെത്തുടർന്ന് ലോക്ക് ഡൗണിൽ ഉപ്പേരികൾ നശിപ്പിക്കേണ്ടി വന്നു

 സദ്യയും ചടങ്ങുകളുമില്ലാത്തതിനാൽ ആവശ്യക്കാർ കുറഞ്ഞു

 വയനാട്ടിൽ മഴ മൂലം കൃഷിനാശമുണ്ടായാൽ ഏത്തക്കുലകൾ ലഭിക്കാനും പ്രയാസമുണ്ടാകും

 കണ്ടെയിൻമെന്റ് സോണുകളിൽ ഉത്പാദനവും വിതരണവും നടക്കുന്നില്ല

................

കായ ഉപ്പേരി വില

 വെളിച്ചെണ്ണയിൽ വറുത്തത് : കിലോയ്ക്ക് 320

പാമോയിലിൽ വറുത്തത് :കിലോയ്ക്ക് 240

ഏത്തയ്ക്ക : കിലോഗ്രാമിന് 36 രൂപ

കപ്പ : കിലോഗ്രാമിന് കിലോ 15 രൂപ

................

വിവാഹസദ്യകൾ നിലച്ചതോടെ ഉപ്പേരിക്ക് ആവശ്യക്കാരില്ലാതായി. വീടുകളിലേക്ക് പരമാവധി അരക്കിലോ ഉപ്പേരി വാങ്ങുന്നതാണ് ആളുകളുടെ ശീലം. വിനോദസഞ്ചാരികൾ എത്തിയിരുന്ന സമയത്ത് അവർ മടങ്ങിപ്പോകുമ്പോൾ ധാരാളം ഉപ്പേരി വാങ്ങുന്ന പതിവുണ്ടായിരുന്നു. ഇത്തവണ എല്ലാം നിലച്ചു. ഓണക്കാലത്തും കാര്യമായ കച്ചടവടം പ്രതീക്ഷിക്കുന്നില്ല. - രാജേന്ദ്രൻ, കളരിക്കൽ ചിപ്സ്

കണ്ടെയിൻമെന്റ് സോണിലായതിനാൽ കച്ചവടം വളരെ മോശമാണ്. പുറത്തെ കടകളിലേക്ക് സാധനം എത്തിക്കാൻ സാധിക്കുന്നില്ല.

- ശശികുമാർ, ഉപ്പേരി ഉത്പാദകൻ, പുന്നപ്ര