ഒന്നി​ച്ച് ഇനിയില്ല 'കൂട്ടുകാർ", നൊമ്പരത്തോടെ നാട്ടുകാർ

Friday 07 August 2020 12:07 AM IST

 എരുവ മാവിലേത്ത് ജംഗ്ഷനിലെ മാവും ആലും കടപുഴകി

കായംകുളം : നൂറ്റാണ്ടോളം ഏകോദര സഹോദരങ്ങളെപ്പോലെ നിലകൊണ്ട ആൽമരവും മാവും കഴിഞ്ഞ രാത്രി വേർപിരിഞ്ഞു. കാറ്റിലും മഴയിലുമാണ് എരുവ മാവിലേത്ത് ജംഗ്ഷനിലെ റോഡിന് നടുവിൽ നിന്ന ആൽമരവും മാവും കട‌പുഴകിയത്.

എരുവയിൽ ഭഗവാൻ കണ്ണന് മുന്നിൽ ഗ്രാമ വിശുദ്ധി പകർന്ന് തലയെടുപ്പോടെ പുണർന്നു നിന്ന ആലും മാവും കടപുഴകിയത് നാട്ടുകാരെയും നൊമ്പരപ്പെടുത്തി. വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് എത്തിയത്.

നാടിന്റെ കവലയാണ് മാവിലേത്ത്. ആലും മാവും ഇഴുകിച്ചേർന്ന് ആത്മാവ് എന്ന പേര് മാവിലേത്ത് ആയി ലോപിച്ചതായി നാട്ടുകാർ പറയുന്നു. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടക്കുന്നത് ഇവിടെയായിരുന്നു. വർഷത്തിൽ ഇടവിട്ട് പൂക്കുന്ന മാവും ആലും ഏകോദര സഹോദരങ്ങളെപ്പോലെ നിൽക്കുന്ന കാഴ്ചയാണ് ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നവരുടെ പോലും ഓർമ്മകളിൽ ഉള്ളത്.

കഴിഞ്ഞ 22 വർഷക്കാലമായി ശബരിമല ദർശനം നടത്തി വരുന്ന തത്ത്വമസി പദയാത്ര സംഘം ആൽത്തറ കല്ലുകെട്ടി സംരക്ഷിച്ചു വരികയായിരുന്നു. ക്ഷേത്രത്തിലെ ഏഴാം ഉത്സവവുമായി ബന്ധപ്പെട്ട ഉരുളിച്ചവരവ്, കാവടി ഘോഷയാത്ര എന്നിവ മാവിലേത്ത് ആൽത്തറയിലായിരുന്നു നടന്നിരുന്നത്. കായംകുളം രാജാവിന്റെ ചരിത്രത്തിൽ പടനായകൻ എരുവയിൽ അച്ചുതവാര്യരുമായി ഈ സ്ഥലത്തിന് വലിയ ബന്ധമുണ്ട്. ഇവിടെ വീണ്ടും ആലും മാവും വച്ച് പിടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.