നാശം വിതച്ച് കാലവർഷം

Friday 07 August 2020 1:57 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമ‌ർദ്ദം ശക്തിപ്രാപിച്ചതോടെ

ജില്ലയിൽ കാലവർഷം കനത്തു. മലയോര മേഖലയെ വെള്ളത്തിൽ മുക്കിയ മഴ നഗരത്തെയും കാര്യമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം ആദ്യ മഴയിൽ തന്നെ മുങ്ങി. വട്ടിയൂർക്കാവ് സി.പി.ടി,ഇടപ്പഴിഞ്ഞി, നാലാഞ്ചിറ, പരുത്തിപ്പാറ,തെെക്കാട് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതിനൊപ്പം ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തിയതോടെ നഗരത്തിലെ വെെദ്യുതി വിതരണം താറുമാറായി. ഫയ‌ർഫോഴ്സെത്തി മണക്കൂറുകൾ ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നെടുമങ്ങാട് മരം വീണ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഉഴമലയ്ക്കൽ കുളപ്പട തെരുവ് പൊട്ടക്കുഴി വീട്ടിൽ അജയൻ (43) ആണ് മരിച്ചത്. നെടുമങ്ങാട് സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ജോലിക്ക് പാേകുമ്പോഴായിരുന്നു സംഭവം. ഉഴമലയ്ക്കൽ കാരനാട് മഞ്ചം മൂലവളവിൽ റോഡുവക്കിൽ നിന്ന ഉണങ്ങിയ ആഞ്ഞിലി മരം ബൈക്കിൽ വരികയായിരുന്ന അജയന്റെ മേൽ പതിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ജില്ലയിൽ മഴയും കാറ്റും ശക്തിപ്രാപിക്കുമെന്നും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചതോടെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും തുറന്നു. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴയ്ക്കും കാറ്റിനും ശക്തിയേറിയതോടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൂന്തുറ ചേരിയമുട്ടം ഭാഗത്ത് കടലാക്രമണം രൂക്ഷമായി. ഇരുപതോളം വീടുകളിൽ വെള്ളം കയറി. അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വെമ്പായം ചാത്തമ്പാട് ഭാഗത്ത് നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷ, ബെെക്ക്, കാർ എന്നിവയക്ക് മുകളിലൂടെ മരം കടപുഴകി. ജംഗ്ഷനിൽ റോഡിന് സമീപം നിന്നിരുന്ന കൂറ്റൻ മരമാണ് കടപുഴകിയത്. വാഹനങ്ങൾ പൂർണമായി തക‌ർന്നു.

 ആടിയുലഞ്ഞ് മലയോര മേഖല

ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ മലയോര മേഖലയിൽ വ്യപാക നാശനഷ്ടമുണ്ടായി. നെടുമങ്ങാട്,വിതുര,തൊളിക്കോട്,ആര്യനാട്,നന്ദിയോട്,പെരിങ്ങമ്മല മേഖലകൾ വെള്ളത്തിൽ മുങ്ങി. നെടുമങ്ങാട്-വിതുര, ബോണക്കാട്-വിതുര, പൊന്മുടി-വിതുര, പേപ്പാറ-വിതുര റോഡുകളിൽ മരം വീണ് ഗതാഗതം മണിക്കൂറുകൾ സ്‌തംഭിച്ചു. വെെദ്യുത തൂണുകൾ നിലംപൊത്തിയതോടെ മിക്ക മേഖലകളും ഇരുട്ടിലായി. ഫയർഫോഴ്‌സെത്തി ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കെ.എസ്.ബി ജീവനക്കാർ രാത്രി വെെകിയും വെെദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പൊന്മുടി, ബോണക്കാട് മേഖലയിൽ മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. തൊളിക്കോട് പഞ്ചായത്തിലെ മലയടി, വെട്ടയിൽ, ചെരുപ്പാണി, പൊൻപാറ, കാരക്കാംതോട്, പുളിമൂട്, മീനാങ്കൽ മേഖലകളിൽ വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് കേടുപാടുണ്ടായി.

വാമനപുരം നദി കരകവിഞ്ഞു

വാമനപുരം നദി കരകവിഞ്ഞതോടെ പൊന്നാംചുണ്ട്, ചെറ്റച്ചൽ മേഖലയിലെ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി.

ഓണവിപണി ലക്ഷ്യമിട്ടിരുന്ന പച്ചക്കറി-വാഴ കൃഷികൾ മുഴുവനും നശിച്ചു. ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു.