വർക്കലയിൽ പത്തോളം വീടുകൾക്ക് നാശം

Friday 07 August 2020 1:58 AM IST

വർക്കല: ശക്തമായ മഴയിലും കാറ്റിവും വർക്കലയിൽ പത്തോളം വീടുകൾ ഭാഗികമായി തകർന്നു. മഴയോടൊപ്പം ശക്തിയായ കാറ്റും ഭീതി വിതച്ചു. പലയിടങ്ങളിലായി അഞ്ചോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. രണ്ട് മണിക്കൂറിലേറെ വൈദ്യുതി വിതരണവും തടസപ്പെട്ടു. മേൽവെട്ടൂർ അമ്മൻനട പുത്തൻവീട്ടിൽ ചെല്ലമ്മ, മുനിക്കുന്ന് ലക്ഷംവീട് കോളനി തെങ്ങുവിളവീട്ടിൽ കൗസല്യ എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്രിൽ പറന്നുപോയി. മേൽവെട്ടൂർ അമ്മൻനട കുന്നുവിളവീട്ടിൽ ലളിതയുടെ വീടിന്റെ മേൽക്കൂര തകർന്നു. അമ്മൻനട കുന്നിൽ ചരുവിളവീട്ടിൽ വസന്തയുടെ വീടിന്റെ അടുക്കളയ്ക്കു മുകളിൽ മരംവീണു. അമ്മൻനട ലക്ഷ്മി വിലാസത്തിൽ ബേബിയുടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയ്ക്ക് നാശം സംഭവിച്ചു. കല്ലുമലക്കുന്ന് പുത്തൻവിളവീട്ടിൽ ശശിധരന്റെയും ശ്രീനിവാസപുരം റോഡുവിളവീട്ടിൽ ശശിധരന്റെയും വീടുകളുടെ ഭിത്തി ഇടിഞ്ഞു. ചെറുന്നിയൂർ കല്ലുവിളവീട്ടിൽ ലിസിയുടെ വീടിന്റെയും മേൽവെട്ടൂർ മേലേക്കാവിൽ നാസറുദ്ദീന്റെ കടയുടെയും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. താഴെവെട്ടൂർ വടക്കേപള്ളിക്കു സമീപം റോഡിൽ വീണ അക്കേഷ്യാമരം അഗ്നിരക്ഷാസേന മുറിച്ചുമാറ്രി. വൈകിട്ട് ജനാർദ്ദനപുരം അമ്മൻനടയ്ക്ക് സമീപം ലൈനിനു മുകളിൽ തെങ്ങു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. വർക്കലയുടെ തീരപ്രദേശം സ്തംഭനാവസ്ഥയിലാണ്. ലോക്ക് ഡൗണിനു പുറമെ കനത്ത മഴയും കൂടിയായതോടെ ജനജീവിതം ദുരിതപൂർണമായിരിക്കുകയാണ്.