പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ ഉച്ചഭാഷിണി; ചെന്നിത്തല കോൺഗ്രസിന്റെ സർസംഘചാലകാണെന്ന് ആവർത്തിച്ച് കോടിയേരി
തിരുവനന്തപുരം: മുസ്ലീം ലീഗിന് മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നാണ് കോടിയേരി ബാലകൃഷ്ണൻ നൽകുന്ന മുന്നറിയിപ്പ്. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ലീഗിന് മുന്നറിയിപ്പ് നൽകുന്നത്.
കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ യു.ഡി.എഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് കഴിയില്ലെന്ന് പറയുന്ന കോടിയേരി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിർമാണത്തിന് കൈയടിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. ചെന്നിത്തല കോൺഗ്രസിന്റെ സർസംഘ് ചാലകാണല്ലോയെന്ന് കോടിയേരി ലേഖനത്തിലൂടെ വീണ്ടും പരിഹസിക്കുന്നു. അത്തരത്തിൽ ഒരു വിശേഷണം അദ്ദേഹത്തിന് നേരത്തേ നൽകിയതിന്റെ പ്രസക്തി ഇപ്പോൾ വർദ്ധിക്കുകയാണെന്നും കോടിയേരി ഓർമ്മപ്പെടുത്തുന്നു.
കേരളത്തിൽ ബി.ജെ.പി ഭരണം കൊണ്ടുവരിക എന്നത് മോദി അമിത് ഷാ ടീമിന്റെ ലക്ഷ്യമാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ ശക്തി ഇവിടെ അത്രപെട്ടെന്ന് ചോർത്താൻ ആകില്ല. അതുകൊണ്ട് കോൺഗ്രസുമായി കൂടിച്ചേർന്ന് രാഷ്ട്രീയ അട്ടിമറി നടത്താനാണ് ബി.ജെ.പി നീക്കം. എൽ.ഡി.എഫിനെ മറികടന്ന് സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മദ്ധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ടകാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക. അതാണ് സംഘപരിവാർ പദ്ധതിയെന്നും കോടിയേരി അഭിപ്രായപ്പെടുന്നു.
ഈ പശ്ചാത്തലത്തിൽ ആർ.എസ്.എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടതാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലും നാടിന്റെ വികസനപ്രക്രിയയിലും ഇന്ത്യക്കുതന്നെ മാതൃകയായി കേരളത്തെ മാറ്റിത്തീർത്ത പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബി.ജെ.പിയുടെ ഉച്ചഭാഷിണിയായി പ്രതിപക്ഷനേതാവ് തരംതാണിരിക്കുന്നത് അതുകൊണ്ടാണ്. ആർ.എസ്.എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുന്നു. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ആർ.എസ്.എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തതെന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കുന്നു.