'വാക്സിൻ ദേശീയത'യ്ക്ക് കൊവിഡിനെ തോൽപ്പിക്കാനാവില്ല: ലോകാരോഗ്യ സംഘടന

Friday 07 August 2020 12:21 PM IST

ജനീവ: ദരിദ്ര രാഷ്ട്രങ്ങളിലെ ദുരിത സ്ഥിതി തുടർന്ന് കൊണ്ട് സമ്പന്ന രാഷ്ട്രങ്ങൾ കൊവിഡ് വാക്സിൻ കണ്ടു പിടിച്ച് മുക്തി നേടിയത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിൻ ദേശീയത നല്ലതല്ല, അത് ഒരിക്കലും നമ്മെ സഹായിക്കില്ലായെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

വേഗം രോഗത്തിൽ നിന്നും മുക്തി നേടാൻ, ലോകത്ത് ഒരുമിച്ച് രോഗമുക്തി സംഭവിക്കേണ്ടതുണ്ട്. കാരണം ഇത് ആഗോളവൽകരിക്കപ്പെട്ട ലോകമാണ്. ഇവിടെ സമ്പദ് വ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഒരു ഭാഗത്തിന് മാത്രമോ, കുറച്ച് രാജ്യങ്ങൾക്ക് മാത്രമായോ കൊവിഡിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സാധിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ നിലനിൽപ്പ് എല്ലായിടത്തും ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി കണ്ടു പിടിക്കപ്പെടുന്ന വാക്സിൻ ആഗോളതലത്തിൽ എല്ലായിടത്തേക്കും പങ്കുവയ്ക്കപ്പെടുന്നുവെന്ന് സമ്പന്ന രാഷ്ട്രങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

കൊവിഡിനെ നേരിടാൻ വിവിധ വാക്സിനുകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 26ഓളം വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിച്ച് വരികയാണ്. അതിൽ ആറ് വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. അതേസമയം മൂന്നാം ഘട്ട പരീക്ഷണമെന്നാൽ അടുത്തെത്തി എന്നല്ല അർത്ഥമെന്നും വാക്സിൻ ജനങ്ങളിലേക്കെത്തിയാൽ എത്രകണ്ട് അതിന് പ്രതിരോധിക്കാൻ കഴിയുമെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.