കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശി​ക്ഷ, കൊലയ്ക്ക് കാരണം ആർ എസ് എസ് വിട്ടതിലുളള വൈരാഗ്യം

Friday 07 August 2020 2:41 PM IST

കൊല്ലം: ആർ എസ് എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 9 ആർ എസ് എസ് പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു. കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി. വിനോദ് , കൊറ്റങ്കര ഇടയത്തുവീട്ടിൽ ജി. ഗോപകുമാർ, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, വൈക്കം താഴതിൽ പ്രിയരാജ് , പരപ്പത്തുവിള തെക്കതിൽ പ്രണവ് , കിഴക്കടത്ത് എസ് അരുൺ , മതിലിൽ അഭി നിവാസിൽ രജനീഷ്, ലാലിവിള വീട്ടിൽ ദിനരാജ്, കടവൂർ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ആർ ഷിജു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.

കടവൂർ ജയൻ ആർ എസ് എസ് വിട്ടതിലുളള വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. 2012 ഫെബ്രുവരി 7 ന് പട്ടാപ്പകൽ കടവൂർ ജംക്ഷനിൽ വച്ചായിരുന്നു ജയനെ കൊലപ്പെടുത്തിയത്. പ്രതികൾ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തുകയും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചി​രുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു തിരിച്ചയക്കുകയും ചെയ്തു.