രാജമല ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  രണ്ടു ലക്ഷം രൂപ വീതം

Friday 07 August 2020 6:11 PM IST

ന്യൂഡൽഹി: മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുക. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍.ഡി.ആര്‍.എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം മണ്ണിടിച്ചിലില്‍ മരിച്ച കൂടുതല്‍ ആളുകളുടെ മൃതദേഹം കണ്ടെത്തി. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 12 പേരെ രക്ഷപ്പെടുത്തി. കാണാതായ 51 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.