കോളേജ് കുമാരനെ മര്യാദരാമനാക്കാൻ കോടതിയുടെ സാമൂഹ്യ മാദ്ധ്യമ വിലക്ക്
ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കൽ, അപവാദപ്രചരണം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റിലായ കോളേജ് കുമാരനെ മര്യാദരാമനാക്കാൻ രണ്ട് മാസത്തേക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് വിലക്കി മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഒപ്പം സ്വന്തം വീട്ടിലും അയൽവീട്ടിലും അഞ്ച് ഫലവൃക്ഷങ്ങൾ നട്ട് കൃത്യമായി പരിപാലിക്കണം. അൻപതിനായിരം രൂപയും കെട്ടിവയ്ക്കണം.
ജൂൺ 24 മുതൽ ജയിലിൽ കിടക്കുന്ന 18കാരൻ ഹരേന്ദ്ര ത്യാഗിക്ക് ഈ വ്യവസ്ഥകളോടെ ഹൈക്കോടതി ജഡ്ജി പഥക്ക് ജാമ്യം അനുവദിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്നും നട്ട ചെടികൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്നും എല്ലാ മാസവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഫേസ്ബുക്കും വാട്സാപ്പും അടക്കം സാമൂഹിക മാദ്ധ്യമങ്ങളാണ് ചെറുപ്പക്കാരന്റെ 'തലതിരിക്കുന്നത്' എന്ന് കോടതി നിരീകഷിച്ചു.
അടുത്തിടെ വിചിത്ര വ്യവസ്ഥകളിൽ ജാമ്യം അനുവദിച്ച മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവുകൾ കൗതുകമായിരുന്നു. പീഡനക്കേസിലെ പ്രതിക്ക്, പരാതിക്കാരിയെകൊണ്ട് കൈയിൽ രാഖികെട്ടിച്ച് സഹോദരനാക്കണം എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസിൽ ജാമ്യത്തിന് കറുത്ത നിറത്തിലുള്ള രണ്ട് എൽ.ഇ.ഡി.ടി.വികൾ വാങ്ങി സർക്കാർ ആശുപത്രിക്ക് നൽകാൻ നിർദ്ദേശിച്ചിരുന്നു.