ഇന്ത്യയ്ക്ക് 10 കോടി ഡോസ് വാക്‌സിൻ
ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ വേഗത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തീരുമാനിച്ചു. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും 10 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടായിരിക്കും.
ഡോസിന് മൂന്ന് ഡോളർ (ഏകദേശം 225 രൂപ) വിലയിലാകും കൊവിഡ് വാക്സിൻ ലഭ്യമാക്കുക. ഗവി, ദി വാക്സിൻ അലയൻസുമായും സഹകരണമുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മുൻകൂർ മൂലധനം നൽകും. ഇത് തങ്ങളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കുമെന്ന് പുനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റെഗുലേറ്ററി അംഗീകാരങ്ങളും ലോകാരോഗ്യ സംഘടനയുടെ പ്രീ ക്വാളിഫിക്കേഷനും ലഭിച്ചു കഴിഞ്ഞാൽ ഡോസുകൾ 2021ന്റെ ആദ്യ പകുതിയിൽ തന്നെ ഉത്പാദിപ്പിക്കപ്പെടും. കോവാക്സ് സംവിധാനങ്ങളിലൂടെയാകും ഇത് വിതരണം ചെയ്യുക.