രാജ്യസഭ തിരഞ്ഞെടുപ്പ്: കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം, മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും
തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഫ്ളാഷിനോട് പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പണം, തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ എന്നീ നടപടിക്രമങ്ങൾ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നടക്കുക. ഇതിനായുള്ള മാർഗനിർദേശങ്ങൾ നിയമസെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിച്ചതായും ഇന്നോ വരുംദിവസങ്ങളിലോ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
പ്രോട്ടോക്കോൾ
തിരഞ്ഞെടുപ്പ് സമയത്തെ കൊവിഡ് പ്രോട്ടോക്കോൾ വിശദീകരിച്ച് എല്ലാ കക്ഷി നേതാക്കൾക്കും നേരത്തെ തന്നെ അറിയിപ്പ് നൽകും. കൂടിചേരൽ നിയമസഭയ്ക്കകത്ത് അനുവദിക്കില്ല. വോട്ടിംഗിന് മുമ്പും ശേഷവും അണുനശീകരണം നടത്തും. വോട്ട് ചെയ്യാനെത്തുന്ന എം.എൽ.എമാരെ പ്രവേശന കവാടത്തിൽ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനായി തെർമൽ സ്‌കാനിംഗ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തും. എല്ലാ എം.എൽ.എമാർക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.
എല്ലാ എം.എൽ.എമാരും സ്ഥാനാർത്ഥികളും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കും. വോട്ടെണ്ണൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ഗ്ലൗസ് ഉൾപ്പെടെ നൽകും. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് എല്ലാവരും ഒരുമിച്ചെത്തി വോട്ട് ചെയ്യുന്നത് കഴിവതും ഒഴിവാക്കണമെന്ന് നിയമസഭ സെക്രട്ടേറിയേറ്റ് കക്ഷി നേതാക്കളോട് ആവശ്യപ്പെടും. ക്യൂ രൂപപ്പെട്ടാലും നിശ്ചിത അകലം പാലിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ടാകും. നീണ്ട ക്യൂ രൂപപ്പെടുകയാണെങ്കിൽ വോട്ട് ചെയ്യാനെത്തുന്ന എം.എൽ.എമാർക്ക് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കും. വോട്ടെണ്ണലിന് ശേഷം കൂട്ടം കൂടിയുള്ള വിജയാഘോഷങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കാനും നിയമസഭ സെക്രട്ടേറ്റിയേറ്റ് നിർദേശം നൽകും.
13 വരെ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനുമിടയിൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 14ന് സൂക്ഷ്മ പരിശോധന. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. അന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണലും നടക്കും.