എനിക്കത് വാങ്ങണം ഇല്ലെങ്കിൽ എല്ലാം അയാളെ അറിയിക്കും, ഭയന്ന് ഭർത്താവിനൊപ്പം പുറത്തുപോകുമ്പോൾ വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നിട്ട് യുവതി, തിരിച്ചെത്തിയപ്പോൾ സംഭവിച്ചത്

Saturday 08 August 2020 11:56 AM IST

വിതുര: ഭർത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്നു സ്വർണം മോഷ്ടിക്കാൻ കാമുകന് കൂട്ടുനിന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റുചെയ്‌തു. വിതുര മരുതാമല അടിപറമ്പ് റാണി ഭവനിൽ ജോസിന്റെ ഭാര്യ കവിതയാണ് (34) അറസ്റ്റിലായത്. ആഗസ്റ്റ്‌ ഒന്നിനായിരുന്നു സംഭവം. കവിതയും ഭർത്താവും പുറത്തുപോയപ്പോഴാണ് വീട്ടിൽ ടൈൽസ് ഇളക്കി നിർമ്മിച്ച രഹസ്യഅറയിൽ നിന്നു 25 പവൻ മോഷണം പോയത്.

തുടർന്ന് ഇരുവരും ചേർന്ന് വിതുര പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ പൊലീസ് കവിതയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം കെട്ടുകഥയാണെന്ന് ബോദ്ധ്യമായത്. കവിത ആര്യനാട് ഉഴമലയ്ക്കൽ വാലുക്കോണത്തുള്ള രാജേഷുമായി (32) പ്രണയത്തിലായിരുന്നു. ഭർത്താവ് അറിയാതെ കവിത രാജേഷിനു പണം നൽകാറുണ്ടായിരുന്നു.

കാർ വാങ്ങാൻ പണം നൽകണമെന്നും ഇല്ലെങ്കിൽ ബന്ധം ഭർത്താവിനെ അറിയിക്കുമെന്നും പറഞ്ഞ് രാജേഷ് കവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് വീട്ടിൽ രഹസ്യഅറയിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന വിവരം കവിത രാജേഷിനെ അറിയിച്ചത്. മോഷണസൗകര്യത്തിനായി ഭർത്താവുമൊത്ത് പുറത്തുപോയ ദിവസം പിറകുവശത്തെ വാതിൽ തുറന്നിടുകയായിരുന്നു.

മോഷ്ടിച്ച 25 പവൻ വിതുര, തൊളിക്കോട് ആര്യനാട് എന്നിവിടങ്ങളിലെ ബാങ്കുകളിൽ പണയംവച്ച ശേഷം രാജേഷ് കാർ വാങ്ങി. സംഭവത്തിൽ രാജേഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.വാങ്ങിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര സി.ഐ എസ്. ശ്രീജിത്ത്‌, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. കവിതയെ കോടതിയിൽ ഹാജരാക്കി