സ്ഥിരമായെത്തി, കമ്പനി സ്റ്റാഫായി!!
ഒരു കാർ ഷോറൂമിന് മുന്നിൽ എന്നും ഒരു നായ ക്ഷമയോടെ കാത്തു നിൽക്കും. സ്ഥാപനത്തിലെ ജീവനക്കാർ അനുവദിച്ചാൽ മാത്രം അകത്തു കയറും. ജീവനക്കാർ തന്നെയാണ് പട്ടിക്ക് ഭക്ഷണവും നൽകുന്നത്. ഇത് ഏറെ നാളായി തുടരുന്ന കാര്യമാണ്. മെല്ലെ മെല്ലെ സ്ഥാപനത്തിലെ അംഗമായി പട്ടിയേയും ജീവനക്കാർ പരിഗണിച്ചു തുടങ്ങി. എങ്കിൽ പിന്നെ പട്ടിയെ അങ്ങ് ഔദ്യോഗികമായി തന്നെ സ്വീകരിക്കാമെന്ന് കമ്പനി അധികൃതരും തീരുമാനിച്ചു. നടി സ്വസ്തിക ബാനർജി ട്വിറ്ററിൽ പങ്കുവച്ച സംഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷോറൂമിന് മുന്നിൽ എന്നും എത്തുന്ന തെരുവുപട്ടിയെ സ്ഥാപനം ഐഡി കാർഡും നൽകി സ്വീകരിച്ച കഥയാണ് സ്വസ്തിക പറയുന്നത്. എവിടെയുള്ള സ്ഥാപനമാണെന്ന് നടിയുടെ ട്വീറ്റിൽ പരാമർശിച്ചിട്ടില്ല. ഏറെ നാളിന് ശേഷം സംഭവിക്കുന്ന മനുഷ്യത്വപരമായ കാര്യം എന്ന കുറിപ്പോടെയാണ് സ്വസ്തികയുടെ ട്വീറ്റ്. ഇപ്പോൾ, മറ്റ് ജീവനക്കാരെ പോലെ ഈ പട്ടിയും സ്ഥാപനത്തിലെ അംഗമാണ്. ഔദ്യോഗികമായി തന്നെ. ഐഡി കാർഡ് ഒക്കെ ഉണ്ട്. ഇനി അനുമതിക്കായി പുറത്തു കാത്തിരിക്കേണ്ട. തോന്നുമ്പോൾ അകത്തേക്ക് പ്രവേശിക്കാം. സ്വസ്തികയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എല്ലാവർക്കും സന്തോഷം. നടി അഭിനയിച്ച പഠാൽ ലോഗിലെ പ്രശസ്തമായ ഡയലോഗാണ് പലരും കമന്റായി നൽകിയിരിക്കുന്നത്. "ഒരു മനുഷ്യൻ പട്ടിയെ സ്നേഹിക്കുന്നെങ്കിൽ അയാളൊരു നല്ല മനുഷ്യനായിരിക്കും. ഇനി ഒരു പട്ടിയാണ് മനുഷ്യനെ സ്നേഹിക്കുന്നതെങ്കിലും അയാൾ ഒരു നല്ല മനുഷ്യനായിരിക്കും".