കൊവിഡിനെ ഏത് വിധേനയും പിടിച്ച് കെട്ടാൻ തയ്യാറെടുത്ത് രാജ്യം; വാക്‌സിൻ വിതരണത്തിന് വിദഗ്ദ്ധസംഘത്തെ നിയോഗിച്ചു

Saturday 08 August 2020 2:08 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ തയ്യാറായാൽ വിതരണത്തിനുള‌ള പദ്ധതിയ്‌ക്കായി ഇന്ത്യ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചു. എല്ലാ മന്ത്രാലയങ്ങളിൽ നിന്നും ഉന്നത സ്ഥാപനങ്ങളിൽ നിന്നുമുള‌ള ഉന്നതർ സംഘത്തിലുണ്ടാകും. വാക്‌സിനുകളെ തിരിച്ചറിയാനും അവ വാങ്ങുവാനും വാക്‌സിൻ വാങ്ങുവാനുള‌ള ധനസഹായം മുതൽ വാക്‌സിന്റെ ഫലപ്രദമായ വിതരണം വരെ ഈ സംഘത്തിന്റെ ചുമതലയാകും. നിലവിൽ കൊവിഡ് വാക്‌സിനുകൾ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ തുടരുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നിർണായകമായ ഈ നീക്കം.

വാക്‌സിൻ വിതരണ സംഘത്തിന് നീതി അയോഗിൽ ആരോഗ്യ വിഭാഗം അംഗമായ ഡോ.വി.കെ. പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർ നേതൃത്വം നൽകും. വിതരണത്തിന് വേണ്ട വാക്‌സിനുകൾ സംഘം തീരുമാനിക്കും. ഇവ വാങ്ങുവാൻ വേണ്ട ധനസഹായം ഉറപ്പാക്കും. ആർക്കെല്ലാം നൽകണം എന്നുള‌ള മുൻഗണ തീരുമാനിക്കും. വാക്‌സിനുകൾ കണ്ടെത്തിയില്ലെങ്കിൽ കൊവിഡ് വ്യാപനം തടയാൻ മാസ്‌ക്,സാമൂഹിക അകലം, ജനജീവിതത്തിലേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എന്നിവ കർശനമാക്കും.

സംഘത്തിലുള‌ളവർ എയിംസ് ഡയറക്‌ടർ ഡോ. രൺദീര് ഗുലേരിയ,വിദേശകാര്യ മന്ത്രാലയം, ബയോ ടെക്‌നോളജി, വിവരസാങ്കേതിക വിദ്യ വിഭാഗം പ്രതിനിധികൾ, ആരോഗ്യ വിഭാഗം ഡയറക്‌ടർ ജനറൽ, എയ്‌‌ഡ്സ് റിസർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ട്, മെഡിക്കൽ ഗവേഷണ കൗൺസിൽ അംഗങ്ങൾ എന്നിവരാണ്.

വിതരണത്തിന് വേണ്ട വാക്‌സിൻ തിരഞ്ഞെടുക്കുന്നതും അതിന്റെ രാജ്യത്തെ വിതരണം വിദേശ ഏജൻസികളോ, സംസ്ഥാന സർക്കാരുകളോ ചെയ്യേണ്ടത് അതല്ല കേന്ദ്ര സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണോ എന്നെല്ലാമുള‌ള കാര്യങ്ങൾ സമിതി പരിശോധിക്കും.വിവിധ രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഗവി, ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ചാകും ഈ നടപടികളെല്ലാം. നിലവിൽ കൊവാക്‌സിൻ പദ്ധതിയിൽ ഇന്ത്യ ഗവിയുമായി സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിതരണത്തിനായുള‌ള സാമ്പത്തിക പദ്ധതിയും സംഘം തീരുമാനിക്കും.