പലചരക്ക്-പച്ചക്കറി വ്യാപാരികൾക്ക് കൊവിഡ് പരിശോധന; സംസ്ഥാനങ്ങൾക്ക് നിർ‌ദേശം നൽകി കേന്ദ്രസർക്കാർ‌

Saturday 08 August 2020 4:18 PM IST

ന്യൂഡൽഹി: രാജ്യത്ത് സമൂഹ വ്യാപനം ഒഴിവാക്കാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ‌. രാജ്യത്താകമാനമുള്ള പലചരക്ക്-പച്ചക്കറി വ്യാപാരികൾക്ക് കൊവിഡ് പരിശോധന നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഇതിനായുള്ള നിർദേശം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. കൊവിഡ് രാജ്യത്തെ പുതിയ പ്രദേശങ്ങളിലേയ്‌ക്ക് കൂടി വ്യാപിച്ചതോടെ ജില്ലകളിൽ ഒറ്റപ്പെട്ട കേസുകളോ വലിയ ക്ലസ്റ്ററുകളോ രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള രോഗത്തിന്റെ വ്യാപനം പരമാവധി തടയാൻ ശ്രമിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ കൂടുതൽ സജ്ജമാക്കണമെന്നും കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരമാവധി ആംബലൻസുകൾ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.