രണ്ടാം ദിവസവും 60,000 കടന്ന് പ്രതിദിന രോഗികൾ
ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാക്കി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 61,537 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 21 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 20,88,612 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,19,088 ആളുകൾ നിലവിൽ ചികിത്സയിലാണ്. 14,27,006 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം 933 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 42,518 ആയി.
ആഗസ്റ്റ് ഏഴ് വരെ രാജ്യത്ത് 2,33,87,171 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 5,98,778 സാമ്പിളുകൾ പരിശോധിച്ചു.
മഹാരാഷ്ട്രയിൽ 10,483 പുതിയ രോഗികൾ. ആകെ രോഗികൾ 4.90 ലക്ഷം.
300 പേർ കൂടി മരിച്ചതോടെ ആകെ മരണം 17,092.
കർണാടകയിൽ 24 മണിക്കൂറിൽ 6,670 രോഗികൾ. 101മരണം. ആകെ രോഗികൾ 1.64 ലക്ഷം. മരണം 2,998.
തമിഴ്‌നാട്ടിൽ 5,880 പേർക്ക് കൂടി രോഗം. 119 മരണം. ആകെ മരണം 4,690. ആകെ രോഗികൾ 2.85 ലക്ഷം.
നോയിഡയിലെ കൊവിഡ് രോഗികൾക്കായി 400 കിടക്കകളുള്ള സർക്കാർ ആശുപത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിക്കും കൊവിഡ്
കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി, ശ്വാസതടസം തുടങ്ങിയവയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്വന്തം മണ്ഡലമായ ബർമറിൽ ത്രിദിന സന്ദർശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിൽ പോയിരുന്നു
പ്രതിദിന രോഗികളിൽ ഇന്ത്യ ഒന്നാമത്
കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് നാലാം ദിവസവും ആഗോളതലത്തിൽഒന്നാം സ്ഥാനം നിലനിറുത്തി ഇന്ത്യ.
കഴിഞ്ഞ 7 ദിവസവും പ്രതിദിനം 50,000 രോഗികകളാണ് രാജ്യത്തുണ്ടാകുന്നത്. നിലവിൽ 47.28 ലക്ഷം രോഗികളാണ് അമേരിക്കയിൽ. ബ്രസീലിൽ 28.01 ലക്ഷം രോഗികളും.
മരിച്ചത് 196 ഡോക്ടർമാർ
ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 196 ഡോക്ടർമാർ. ഇതോടെ ഡോക്ടർമാരുടേയും കുടുംബങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. തമിഴ്നാട്ടിൽ 43 പേർ, മഹാരാഷ്ട്ര ഗുജറാത്ത് എന്നിവിടങ്ങളിലായി 23 പേർ, ബിഹാർ 19 പേർ, കർണാടക 15 പേർ, ആന്ധ്രാപ്രദേശ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി 12 പേർ തുടങ്ങി ആകെ 196 ഡോക്ടർമാക്ക് ജോലിയ്ക്കിടെ ജീവൻ ബലി നൽകേണ്ടി വന്നതായി ഐ.എം.എ പറയുന്നു. ഇതിൽ 170 പേരും 50 വയസിന് മുകളിലുള്ളവരായിരുന്നു.
രാജ്യത്ത് പലയിടങ്ങളിലായി ജോലിചെയ്യുന്ന 3.5 ലക്ഷം ഡോക്ടർമാരും ജീവൻ പണയം വച്ചാണ് കടമ നിർവഹിക്കുന്നത്. പലർക്കും സുരക്ഷാ ഉപകരണങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഐ.എം.എ പരാതിയിൽ ആരോപിക്കുന്നു.