ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം
ന്യൂഡൽഹി: "മോദി സിന്ദാബാദ്", "ജയ് ശ്രീ റാം" എന്നിവ വിളിക്കാൻ നിർബന്ധിച്ച് 52 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. രാജസ്ഥാനിലെ സിക്കാറിലാണ് ഗഫാർ അഹ്മദ് കച്ചാവ എന്നയാളെ രണ്ടംഗസംഘം മർദിച്ചവശനാക്കിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
"അക്രമികൾ എന്റെ താടി പിടിച്ചുവലിച്ചു. പൊതിരെ തല്ലി. മൂന്നോളം പല്ല് അടിച്ചുകൊഴിച്ചു. മരപ്പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ ഇടതുകണ്ണിനും കവിളിനും തലക്കും സാരമായി പരിക്കേറ്റു. നിങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചശേഷം മാത്രമേ ഞങ്ങൾ വിശ്രമിക്കുകയുള്ളൂവെന്ന് അവർ പറഞ്ഞു' -ഗഫാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഇദ്ദേഹത്തിന്റെ വാച്ചും പണവും മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. അടുത്ത ഗ്രാമത്തിൽ ട്രിപ്പ് പോയി മടങ്ങുമ്പോഴായിരുന്നു അക്രമികൾ ഗഫാറിന്റെ ഓട്ടോ തടഞ്ഞ് മർദിച്ചത്. അവരിൽനിന്ന് രക്ഷപ്പെട്ട് ഓട്ടോയുമായി പോകുന്നതിനിടെ കാറിൽ പിന്തുടർന്ന അക്രമികൾ ജഗ്മൽപുരയ്ക്ക് സമീപം വീണ്ടും ഗഫാറിനെ പിടികൂടി, 'ജയ് ശ്രീ റാം', 'മോദി സിന്ദാബാദ്' എന്നിവ ചൊല്ലാൻ മർദിക്കുകയായിരുന്നു.