സൈനിക പിൻമാറ്റത്തിന് ഇന്ത്യാ-ചൈനാ മേജർ ജനറൽതല ചർച്ച

Sunday 09 August 2020 2:48 AM IST

ന്യൂഡൽഹി: പാംഗോംഗ് തടാകക്കരയിലെ സൈനിക വിന്യാസത്തെ ചൊല്ലി തടസപ്പെട്ട സൈനിക പിൻമാറ്റം പുനഃരാരംഭിക്കാൻ ഇന്നലെ ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയുടെ വ്യോമത്താവളം സ്ഥിതി ചെയ്യുന്ന ദൗലത് ബെഗ് ഓൾഡിക്ക് മേഖലയോട് ചേർന്ന് ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് കൂടിക്കാഴ്‌ച നടത്തി. വടക്കൻ ലഡാക് അതിർത്തിയിലെ ഡെപസാംഗ് മേഖലയിലെ സൈനിക പിൻമാറ്റമാണ് ചർച്ചയായതെന്നാണ് റിപ്പോർട്ട്. ഇന്ത്യ വ്യോമത്താവളം നിർമ്മിച്ചതിനാൽ ചൈനയ്‌ക്ക് ഡെപസാംഗ് മേഖല തന്ത്രപ്രധാനമാണ്.

മുമ്പ് സൈനിക കമാൻഡർ തലത്തിൽ അഞ്ചാംവട്ട കൂടിക്കാഴ്‌ച നടന്നെങ്കിലും സൈനിക പിൻമാറ്റം പുനഃരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പാംഗോഗ് തടാകക്കരയിൽ ഫിംഗർ അഞ്ചുമുതൽ ഫിംഗർ എട്ടുവരെ കടന്നു കയറിയ ചൈന പിൻമാറാൻ തയ്യാറാകാത്തതാണ് കാരണം. എങ്കിലും പ്രകോപനം ഒഴിവാക്കി ചർച്ചകൾ തുടരാനുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കൂടിക്കാഴ്‌ച നടന്നത്.