നിധിയുണ്ടെന്ന് വിശ്വസിച്ച് ക്ഷേത്രത്തിൽ കുഴിയെടുത്തു, തൂണുവീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കും, അംബുലൻസ് വിളിച്ച് സ്ഥലം കാലിയാക്കി കൂട്ടാളികൾ
ബംഗളൂരു: നിധിയുണ്ടെന്ന് കരുതി 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുന്നതിനിടെ തൂണ് വീണ് ഒരാൾ മരിച്ചു. ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ സുരേഷാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ നിധിയുണ്ടാകുമെന്ന് വിശ്വസിച്ച് സുരേഷ് ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം ക്ഷേത്രത്തിലെത്തുകയായിരുന്നു. കുഴിയെടുക്കുന്നതിനിടെ അടിത്തറയിളകിയതോടെ തൂണുകളും കൽപ്പാളികളും താഴേക്ക് വീഴുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻ രാജരത്ന എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ കൂടെയുണ്ടായിരുന്നവർ ആംബുലൻസിനെ വിളിച്ചു.
എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ അഞ്ച് പേർ സ്ഥലം കാലിയാക്കിയിരുന്നു. സംഭവ സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്.മാസങ്ങൾക്ക് മുമ്പ് ഇതേക്ഷേത്രത്തിൽ സമാന രീതിയിൽ കുഴിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു. കൂടാതെ വിഗ്രഹങ്ങൾ മോഷണംപോകുകയും ചെയ്തിരുന്നു.