തണ്ടർബോൾട്ടിനെയടക്കം ഇറക്കി നാത്തൂന്റെ വീട് വളഞ്ഞിട്ടും ഫലമുണ്ടായില്ല,​ രഹ്‌ന പാത്തിരുന്നത് പൊലീസിന്റെ മൂക്കിൻതുമ്പത്ത്

Sunday 09 August 2020 4:19 PM IST

കൊച്ചി: മൂക്കിൻ തുമ്പത്തുണ്ടായിരുന്ന രഹ്‌ന ഫാത്തിമയെ തേടി കേരള പൊലീസ് ഓടിയത് വയനാട് മുതൽ ഡൽഹി വരെ. തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു രഹ്‌ന ഫാത്തിമ ഒളിവിൽ താമസിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചതിനാണ് രഹ്‌ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുമായി അടുത്ത ബന്ധമുള്ള പത്തിലധികം പേരുടെ വീടുകളിലെങ്കിലും കഴിഞ്ഞ മാസം പൊലീസ് അന്വേഷിച്ചു ചെന്നിട്ടുണ്ട്. രഹ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്ന ഒരു വക്കീലിന്റെ കോഴിക്കോടുള്ള വീട്ടിൽ, മറ്റൊരു സുഹൃത്തിന്റെ ഷൊർണൂരിലുള്ള വീട്ടിൽ, ശബരിമലയിൽ കയറാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയുടെ വീട്ടിൽ, ഇവർ ഫോണിൽ സംസാരിച്ച എറണാകുളം ജില്ലയിൽ തന്നെയുള്ള ഒരു അഭിഭാഷകന്റെ വീട്ടിൽ തുടങ്ങി വയനാട്ടിൽ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിൽ വരെ പൊലീസെത്തി. സൗത്ത് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തണ്ടർബോൾട്ട് ഉൾപ്പടെ ഇരുപതോളം പൊലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണർത്തിയത്. വീട്ടിൽ ആരുമില്ലെന്നു മനസിലായപ്പോൾ തിരിച്ചു പോയി. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി കഴിയുന്നിടത്തേക്ക് തോക്കുമായി തണ്ടർബോൾട്ട് കയറിയതിനെതിരെ പരാതി നൽകാമെന്ന് അഭിപ്രായം ഉയർന്നെങ്കിലും വേണ്ടെന്നായിരുന്നു തീരുമാനം. നക്സൽ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടർബോൾട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് എന്നാണ് പൊലീസ് ഭാഷ്യം.

സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കോടതിയിൽ നേരിട്ടു ഹാജരാകാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. രഹ്‌നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലിൽ അയയ്ക്കാൻ സാധിക്കൂ എന്നതിനാൽ തൃശൂരിലെ കൊവിഡ് സെന്ററിലാണ് ഇപ്പോൾ രഹ്‌ന ഫാത്തിമ.