ഹിന്ദി ഭാഷയിൽ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി, കാരണം ഇങ്ങനെ
ടെഹ്‌റാൻ; ഹിന്ദി ഭാഷയിൽ ആദ്യമായി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ഈ അക്കൗണ്ട് വഴി രണ്ട് ട്വീറ്റുകൾ പുറത്തുവന്നിട്ടുണ്ടെന്നും ദേശീയ വാർത്താ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദിയിൽ അല്ലാതെ, പേർഷ്യൻ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ഇംഗ്ളീഷ് എന്നീ ഭാഷകൾ അടിസ്ഥാനമാക്കിയും ഖമനേയി ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമം പറയുന്നു.
ചരിത്രപരമായി തന്നെ ഇന്ത്യയും ഇറാനും മികച്ച സഹകരണ ബന്ധമാണ് തുടർന്ന് പോരുന്നത്. ഇറാനുമേൽ അമേരിക്കയുടെ വ്യാപാര ഉപരോധം നിലനിൽക്കുന്ന വേളയിലും ഇറാനിലെ ചബഹാർ തുറമുഖം, ചബഹാർ-സഹേദാൻ റെയിൽവേ പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാനുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം കണക്കിലെടുത്തുകൊണ്ടാണ് അയത്തൊള്ള ഖമനേയി പുതിയ അക്കൗണ്ട് ആരംഭിച്ചതെന്നാണ് അനുമാനം.