ആദിവാസികളെയും പൊലീസിനെയും ആക്രമിച്ച ആറംഗസംഘം അറസ്റ്റിൽ
വിതുര: മദ്യലഹരിയിൽ ആദിവാസി കോളനിയിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടുവാൻ എത്തിയ വിതുര എസ്.ഐ. എസ്.എൽ. സുധീഷിനെയും പൊലീസുകാരെയും ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
തേവിയോട് ചരുവിളാകം അനിൽ സദനത്തിൽ എസ്. നിതിൻ (22), കളിക്കൽ തടത്തരികത്ത് വീട്ടിൽ എം ഹരിനാരായൺ (20), കളിക്കൽ ചരുവിളാകത്ത് വിജിത ഭവനിൽ എസ്. അരുൺ ജിത് (23), വിതുര പോറ്റികുന്ന് സജിൻ മൻസിലിൽ എസ്. മുഹമ്മദ് സജിൻ(25), തേവിയോട് ജിജേഷ് ഭവനിൽ ബി. ജിജേഷ് (22), വിതുര ചേന്നൻപാറ തടത്തരികത്ത് വീട്ടിൽ രാജേഷ് (25)എന്നിവരാണ് അക്രമം കാട്ടിയത്.
ശനിയാഴ്ച വൈകിട്ട് വിതുര മണലിയിലാണ് സംഭവം. ആദിവാസികളായ ശരത് ചന്ദ്രൻ, പത്മിനി എന്നിവരെയാണ് മർദ്ദിച്ചത്. ഇവർ ആശുപത്രിയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയും ഇവർ ആക്രമണം നടത്തി. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ പത്മരാജ്, സി.പി.ഒ മാരായ ജയരാജ്, ശരത് എന്നിവർ ചേർന്നാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.