ഇന്ധന ചോർച്ച കാരണം മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ

Monday 10 August 2020 12:42 AM IST

പോർട്ട് ലൂയിസ്: ജപ്പാൻ കപ്പലായ ‘എം.വി വകാഷിയോ’യിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയെത്തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്‌ രാജ്യമായ മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചോർച്ച ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും വെള്ളിയാഴ്ച ലഭിച്ച ഉപഗ്രഹചിത്രങ്ങളിൽ നിന്നാണ് അതിന്റെ ഗൗരവം മനസിലായതെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥ് പറഞ്ഞു.

ജൂലായ്‌ 25നാണ് കപ്പൽ ദ്വീപിന് സമീപത്ത് കുടുങ്ങിയത്. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. എന്നാൽ, ടൺ കണക്കിന് ഇന്ധനം കടലിലേക്ക് ചോർന്നു. ആകെ 4000 ടൺ ഇന്ധനമുണ്ടായിരുന്നു. ഇന്ധനം കടൽത്തീരത്തേക്കാണ് ഒഴുകുന്നത്. ഇത് അപൂർവമായ പവിഴപ്പുറ്റുകളെ ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ചോർച്ച പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കപ്പലുടമകൾ അറിയിച്ചത്. ഫ്രാൻസ് ഇതിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ മൗറീഷ്യസ് പ്രധാനമന്ത്രി ഫ്രാൻസിന്റെ സഹായം തേടിയിരുന്നു.

പവിഴപ്പുറ്റുകളാൽ സമൃദ്ധമായ..

ഈ ചെറു ദ്വീപ രാഷ്ട്രത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ നിർണായക ഭാഗമായ ടൂറിസം നിലനിൽക്കുന്നത് ഈ പവിഴപ്പുറ്റുകളെ കൂടി ആശ്രയിച്ചാണ്. ലോകത്ത് അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആദ്യം ബാധിക്കുന്ന ഇടങ്ങളിലൊന്നാണ് മൗറീഷ്യസ്. അതുകൊണ്ട് തന്നെ താപനിലയിലെ വർദ്ധനവും കടൽ ഉയരുന്നതും ഏറെ ആശങ്കയോടെയാണ് മൗറീഷ്യസ് വീക്ഷിക്കുന്നത്.

.