അമിത്ഷായുടെ ഫലം നെഗറ്റീവായെന്ന വാർത്ത വ്യാജം
Monday 10 August 2020 12:33 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന റിപ്പോർട്ടുകൾ കേന്ദ്രം തള്ളി. ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്ന അമിത് ഷായെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അമിത് ഷായുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ഇന്നലെ രാവിലെ ബി.ജെ.പി എം.പി മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. ഇത് പിന്നീട് പിൻവലിച്ചെങ്കിലും വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം എത്തുകയായിരുന്നു.
ആഗസ്റ്റ് 2നാണ് കൊവിഡ് സ്ഥിരീകരിച്ച അമിത് ഷായെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലിരുന്ന് അമിത് ഷാ ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.