കണക്കിനെന്ത് പ്രായം... 80-ാം വയസിൽ ഓൺലൈനിൽ കണക്ക് പഠിപ്പിച്ച് അംബുജ

Monday 10 August 2020 12:51 AM IST

ന്യൂഡൽഹി: ഓൺലൈൻ പഠനരീതിയോട് പൊരുത്തപ്പെടാൻ ഭൂരിഭാഗം അദ്ധ്യാപകരും ബുദ്ധിമുട്ടുമ്പോൾ 'കടിച്ചാൽ പൊട്ടാത്ത' കണക്ക് ഓൺലൈനിലൂടെ 'ഈസിയായി' പഠിപ്പിക്കുകയാണ് 80കാരി അംബുജ ടീച്ചർ. 50,000ത്തോളം വിദ്യാർത്ഥികളെ പഠിപ്പിച്ച അനുഭവസമ്പത്താണ് ടീച്ചറുടെ ബലം. 50 വർഷം മുമ്പ് അദ്ധ്യാപന രംഗത്തേക്ക് ചുവടുവയ്ക്കുമ്പോഴുള്ള അതേ ആവേശത്തോടെയാണ് അംബുജ ടീച്ചർ ഓൺലൈനിലും ക്ളാസെടുക്കുന്നത്.

ക്ളാസിലിരുത്തി കണക്ക് പഠിപ്പിച്ചിട്ട് മനസിലാകാത്ത കുട്ടികൾക്ക് ഓൺലൈനിലൂടെ എങ്ങനെ ക്ളാസെടുക്കുമെന്ന് വിഷമിച്ച സഹപ്രവർത്തകരെ സഹായിക്കാനാണ് അംബുജ ടീച്ചർ ആദ്യം കമ്പ്യൂട്ടറിന് മുന്നിലെത്തിയത്. ക്ളാസെടുക്കാനാവശ്യമായ വിവരങ്ങൾ തയ്യാറാക്കി, 50 ടീച്ചർമാരെ ഉൾപ്പെടുത്തി അംബുജ വാട്‌സ്ആപ്പിൽ മാത്ത്‌സ് ഫോറം ഗ്രൂപ്പ് ആരംഭിച്ചു. ഇവരെ നിരീക്ഷിച്ചു,വിലയിരുത്തി. ആവശ്യമായ നിർദ്ദേശങ്ങളും നൽകി.

കൂടാതെ ആറ് മുതൽ പത്തുവരെയുള്ള കുട്ടികൾക്ക് ഓൺലൈനിൽ സൗജന്യ കണക്കുക്ലാസിനായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഇപ്പോൾ ഇന്ത്യയിൽ നിന്ന് മാത്രമല്ല, ദുബായ്, അമേരിക്ക, ഇംഗ്ളണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നായി 100ഓളം അദ്ധ്യാപകർ അംബുജയുടെ നിർദ്ദേശങ്ങൾ തേടിയെത്തുന്നുണ്ട്. ''കണക്കിനോടുള്ള ഭയത്തിൽ നിന്ന് പുറത്തു കടക്കാൻ കുട്ടികളെ എനിക്ക് സഹായിക്കണം. മാത്രമല്ല, ഓൺലൈനായി ക്ലാസെടുക്കുന്നത് പാടാണെന്ന് കരുതുന്ന അദ്ധ്യാപകരെയും മാറ്റിയെടുക്കണം''- അംബുജ പറയുന്നു.