25 വീടുകൾക്ക് വെള്ളക്കെട്ട് ഭീഷണി, സ്ലൂയിസുകൾ പൊളിച്ചു നീക്കി

Monday 10 August 2020 12:45 AM IST

പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ചിരട്ടക്കടവ്, കരുവാം പാട്, മനക്കൽ കടവ് പ്രദേശത്ത് 25 വീടുകൾക്ക് വെള്ളക്കെട്ട് ഭീഷണി. ഇതേത്തുടർന്ന് വടക്കെ കോഞ്ചിറയിലെ രണ്ട് സ്ലൂയിസുകളും, തെക്കെ കോഞ്ചിറയിലെ ഏനമ്മാവ് ഫേയ്‌സ് കനാലിലേക്കുള്ള ഒരു സ്ലൂയിസും വെങ്കിടങ്ങ് പഞ്ചായത്ത് പൊളിച്ചുമാറ്റി.

കൊച്ചത്ത് പ്രകാശന്റെ വീട്ടിൽ വെള്ളം കയറി. ജെ.സി.ബിയും തൊഴിലാളികളെയും ഉപയോഗിച്ചാണ് സ്ലൂയിസുകൾ പൊളിച്ച് മാറ്റിയത്. ഒരു മാസം മുമ്പേ തന്നെ പഞ്ചായത്ത് പടവു കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ട് പടവു കമ്മറ്റികൾ സ്ലൂയീസുകൾ സ്വയം പൊളിച്ചുമാറ്റാൻ തയ്യാറാകാത്തതിലാണ് വെങ്കിടങ്ങ് പഞ്ചായത്ത് നേരിട്ട് ഇവ പൊളിച്ച് മാറ്റി നീരൊഴുക്ക് സുഗമമാക്കിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, മെമ്പർമാരായ രതി എം. ശങ്കർ, ഷീല ചന്ദ്രൻ, കെ.വി. വേലുക്കുട്ടി, രത്‌നവല്ലി സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സൂരജ് എന്നിവർ നേതൃത്വം നൽകി.