ലൈഫ് പദ്ധതി; ശിവശങ്കറിന്റെ സഹായത്തോടെ സ്വപ്‌ന സുരേഷ് ഒരു കോടി കമ്മിഷൻ നേടി, മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഉറപ്പെന്ന് ചെന്നിത്തല

Monday 10 August 2020 12:38 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നാണ് സ്വപ്ന പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യവാങ്മൂലത്തിൽ സ്വപ്‌ന സുരേഷ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിൽ വച്ചത്. ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദുബായ് പോകുന്നതിന് നാല് ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിക്ക് പോയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പാവങ്ങൾക്ക് വീട് വച്ച് കൊടുക്കാനുള്ള പദ്ധതിയിൽ നിന്നാണ് ഒരു കോടി രൂപയാണ് കമ്മിഷൻ നേടിയിരിക്കുന്നത്. റെഡ് ക്രസന്റും ലൈഫ് മെഷീനുമായി കരാർ ഒപ്പിട്ടിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റെഡ് ക്രസന്റ് ഇവിടത്തെ റെഡ് ക്രോസുമായി ബന്ധപ്പെട്ടിട്ടില്ല. സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. പദ്ധതി നടപ്പാക്കാനായി ഏൽപ്പിച്ച യൂണിടെക്കിൽ ശിവശങ്കറിന് സ്വാധീനമുണ്ട്. മുഖ്യമന്ത്രി പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും മേൽ കുതിരകയറുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭാവനിയിലൂടെ ഉയർന്ന കെട്ടുകഥയല്ല എൻ.ഐ.എ അന്വേഷിക്കുന്നത്. കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഉറപ്പാണ്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും അനാവശ്യമായി കഥകൾ മെനഞ്ഞുണ്ടാക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.