വോട്ട്ബാങ്കല്ലാത്ത പാവപ്പെട്ടവരോട് സർക്കാരിന് വിവേചനം; മനുഷ്യത്വമുണ്ടെങ്കിൽ തോട്ടം തൊഴിലാളികളെ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട വിവരമറിഞ്ഞിട്ടും മുഖ്യമന്ത്രി അവിടം സന്ദർശിക്കാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദുരന്തഭൂമിയിലെ ലയങ്ങളിൽ താമസിക്കുന്നവർ വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ തോട്ടം തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കാതിരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.
മനുഷ്യത്വമുണ്ടെങ്കിൽ ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയ ആ തോട്ടം തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി അവിടെ പോകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കരിപ്പൂരിലെയും മൂന്നാറിലെയും അപകടങ്ങളിൽ നഷ്ടപരിഹാരത്തിന്റെ കാര്യവും
രണ്ടു കണ്ണിലാണ് സർക്കാർ കാണുന്നത്. മനുഷ്യജീവന് രണ്ട് വിലയിടുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ചികിത്സാ സൗകര്യമില്ലാതിരുന്നതാണ് രാജമലയിലെ മരണസംഖ്യ ഉയർത്തിയത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ടവറും ഓഫായിരുന്നു. ഈ പാപഭാരത്തിൽ നിന്നും സർക്കാരിന് ഒഴിവാകാനാവില്ലെന്നും പ്രളയദുരിതാശ്വാസഫണ്ട് തോട്ടം ഈ തൊഴിലാളികളുടെ പുനരധിവാസത്തിന് ഉപയോഗിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.