നെടുങ്കണ്ടം കസ്‌റ്റഡി കൊലപാതകം; മുൻ എസ്.പി വേണുഗോപാലിന് സി.ബി.ഐ നോട്ടീസ്

Monday 10 August 2020 4:55 PM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ഇടുക്കി മുൻ എസ്‌.പി കെ.ബി വേണുഗോപാലിന് സി.ബി.ഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്.പിക്കുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം തെളിവ് ലഭിച്ചാൽ നിയമ പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സി.ബി.ഐ അറിയിച്ചു. കെ.ബി വേണുഗോപാലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സി.ബി.ഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതിനെപ്പറ്റി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 21നാണ് വാഗമൺ സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.