400 താലിബാൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ

Tuesday 11 August 2020 12:56 AM IST

കാബൂൾ: 400ലേറെ താലിബാൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ.

ഭീകരരും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. അഫ്ഗാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമെല്ലാം ഭീകരപ്രവർത്തനങ്ങൾ നടത്തിയവരെ മോചിപ്പിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം.അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാർ തടവിൽ അവശേഷിക്കുന്ന 400 താലിബാൻ തടവുകാരെ കൂടി മോചിപ്പിക്കാൻ രാജ്യത്തെ പൗരമുഖ്യരുടെ ഉന്നത ആലോചനസഭയായ ലോയ ജിർഗ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പും പലതവണ സമാധാനശ്രമങ്ങളുടെ ഭാഗമായി താലിബാൻ തടവുകാരെ അഫ്ഗാനിസ്ഥാൻ മോചിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയിൽ 2000 താലിബാൻ തടവുകാരെ അഫ്ഗാനിസ്ഥാനും 300ഓളം സുരക്ഷാജീവനക്കാരെ താലിബാനും വിട്ടയച്ചിരുന്നു.