ഇങ്ങനെയൊന്നും ചോദിക്കല്ലേ, ട്രംപ് പിണങ്ങിപ്പോകും

Tuesday 11 August 2020 1:02 AM IST

വാഷിംഗ്ടൺ: ട്രംപ് വാർത്താ സമ്മേളനം നടത്തും. തന്റെ ഭരണ നേട്ടങ്ങൾ പറയും. പക്ഷേ തിരികെ ചോദ്യം ചോദിച്ചാൽ.. ഒ.കെ താങ്ക്യു പറഞ്ഞ് മതിയാക്കി പോകും. കഴിഞ്ഞ ദിവസം ന്യൂജഴ്സിയിൽ നടന്ന വാർത്താ സമ്മേളനമാണ് ട്രംപിന്റെ പുതിയ പിണങ്ങിപ്പോക്കിന് വേദിയായത്. ന്യൂ ജഴ്സിയിലെ പ്രസംഗത്തിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഒരു പ്രസിഡന്റുമാർക്കും നടപ്പിലാക്കാൻ കഴിയാത്ത ഒരു നിയമം താൻ പാസാക്കിയതിനെക്കുറിച്ചാണ് ട്രംപ് വാതോരാതെ സംസാരിച്ചത്. നിരവധി പ്രസിഡന്റുമാർ ഉപേക്ഷിച്ച വയോജന ക്ഷേമ പരിപാടി (വെറ്ററന്റ് ചോയിസ് പ്രോഗ്രാം) താനാണ് നടപ്പിലാക്കിയതെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒരു മാദ്ധ്യമ പ്രവർത്തകൻ ട്രംപിന്റെ ഈ അവകാശവാദത്തെ ചോദ്യം ചെയ്തു. 2014ൽ ബറാക് ഒബാമയാണ് നിയമം പ്രാബല്യത്തിൽ വരുത്തിയതെന്നും ട്രംപ് അതിനെ പരിഷ്കരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ ട്രംപിന് അവകാശപ്പെടാൻ ഒന്നുമില്ലെന്നും ആ റിപ്പോർട്ടർ പറഞ്ഞു. ഇതോടെ ട്രംപ് ആ മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം പൂർണമായി ഒഴിവാക്കാൻ ശ്രമിച്ചു. വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചതോടെ 'എല്ലാവർക്കും നന്ദി" അറിയിച്ച് ട്രംപ് വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻഗണന ലഭിക്കുന്ന ബില്ലാണ് 2014ൽ പാസാക്കിയത്. അതിൽ വയസിന്റെ കാര്യത്തിൽ നേരിയ മാറ്റം വരുത്തി വി.എ ആക്ട് ബിൽ 2018ൽ പാസാക്കിയതിനെ ഉയർത്തിക്കാട്ടിയാണ് ട്രംപ് തന്റെ ഭരണനേട്ടം പറയുന്നത്.