നടൻ ആന്റണിയോ ബാൻഡെറാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു

Monday 10 August 2020 9:52 PM IST


ലോസ്ആഞ്ചലസ് : ഹോളിവുഡ് നടൻ ആന്റണിയോ ബാൻഡെറാസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ 60ാം ജന്മദിനമായ ഇന്ന് ഇൻസ്‌റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പാനിഷിലുള്ള കുറിപ്പിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്. ബാൻഡെറാസ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും അല്പം ക്ഷീണിതനാണെന്നും ഉടൻ തന്നെ രോഗം ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു.

എഴുത്തും വായനയുമായി താൻ ക്വാറന്റൈൻ ചെലവഴിക്കുകയാണെന്നും താരം പറയുന്നു. മാഡ്രിഡിൽ ജനിച്ച ബാൻഡെറസ് സ്പാനിഷ് സിനിമാ ലോകത്ത് നിന്നാണ് ഹോളിവുഡിലേക്ക് ചുവടുവച്ചത്. ഫിലാഡെൽഫിയ, ഡെസ്പെറാഡോ, ദ മാസ്‌ക്‌ ഒഫ് സോറോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാൻഡെറാസിന് ' പെയ്ൻ ആൻഡ് ഗ്ലോറി ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇക്കഴിഞ്ഞ ഓസ്കാറിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചിരുന്നു.