ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാൽ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും: ജനങ്ങൾക്കായി പുതിയ നയവുമായി കേന്ദ്ര സർക്കാർ

Monday 10 August 2020 10:22 PM IST

ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും പുതിയ വ്യവസ്ഥകൾ കേന്ദ്രം കൊണ്ടുവരിക.

മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തുകയും ചെയ്യും. 'ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ്' വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് നയമെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. പുതിയ താരിഫ് നയം ഊര്‍ജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. വൈദ്യുതി ഉത്പാദനം ആവശ്യത്തില്‍ അധികമായ സാഹചര്യത്തിലാണ് കേന്ദ്രം ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം.