ഡൽഹി  എയിംസിൽ  രണ്ടാം  വർഷ  മെഡിക്കൽ  വിദ്യാർത്ഥി  ആത്മഹത്യ  ചെയ്തു, രണ്ട് മാസത്തിനിടെ ഇത് അഞ്ചാമത്തെ മരണം

Tuesday 11 August 2020 1:18 AM IST

ന്യൂഡൽഹി: ഡൽഹി എയിംസിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ വികാസ്(22) എന്ന വിദ്യാർത്ഥിയാണ് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.ചില മാനസിക പ്രശ്നങ്ങളെ തുടർന്ന് വികാസ് നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ 5ന് ശേഷം എയിംസിൽ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. ജൂലായ് 17 ന് മദ്ധ്യ പ്രദേശ് സ്വദേശിയായ 32 കാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജൂലായ് 10 ന് മെഡിക്കൽ വിദ്യാർത്ഥിയും, ജൂലായ് ആറിന് കൊവിഡ് സ്ഥിരീകരിച്ച മാദ്ധ്യമ പ്രവർത്തകനും ജൂൺ അ‌ഞ്ചിന് വയോധികനേയും എയിംസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.