മോഹൻലാലിന്റെ കൊവിഡ്   പരിശോധന  ഫലം  നെഗറ്റീവ്; ദൃശ്യം 2  ചിത്രീകരണം  സെപ്റ്റംബറിൽ

Tuesday 11 August 2020 1:44 AM IST

മലയാള സിനിമയുടെ ഇതിഹാസം നടൻ മോഹൻലാലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി നിരീക്ഷണത്തിൽ കഴിഞിരുന്ന താരത്തിന്റെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനൽ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കിയ ശേഷം താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7- നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്‌തേക്കും.നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലായ് 20നാണ് താരം കേരളത്തിലേക്ക് മടങ്ങി എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു താരം ഇതുവരെ.